തിരുവനന്തപുരം; ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഇന്നലെ രാവിലെ തുടങ്ങിയ ഇഡി റെയ്ഡ് ഇപ്പോഴും തുടരുന്നു. ഇഡിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി ബിനീഷിന്റെ കുടുംബം. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കുടുംബത്തെ റെയ്ഡിന്റെ പേരിൽ തടഞ്ഞുവെച്ചതെന്ന് അഭിഭാഷകനായ മുരുക്കുംപുഴ വിജയകുമാർ പറഞ്ഞു.
എന്നാൽ രേഖകൾ ഒപ്പുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുന്നുണ്ട്. മയക്കുമരുന്നുകേസിലെ പ്രധാനപ്രതി മുഹമ്മദ് അനൂപുമായി ബിനീഷ് നടത്തിയ ഇടപാടുകൾ ശരിവെക്കുന്ന ചില രേഖകൾ കണ്ടെടുത്തതായാണ് റിപ്പോർട്ടുകൾ. കണ്ടെത്തിയെന്നു പറയപ്പെടുന്ന രേഖകളിൽ ചിലത് ഇഡി കൊണ്ടുവന്നതാണെന്നാണ് ബിനീഷിന്റെ ഭാര്യയുടെ ആരോപണം. അതുകൊണ്ട് ഒപ്പിടില്ലെന്നാണ് കുടുംബത്തിന്‍റെ നിലപാട്.
ഇതിനെ തുടർന്ന് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ അഭിഭാഷകനെത്തി ഒപ്പിടുന്ന രേഖകള്‍ പരിശോധിച്ചു. രേഖകളിൽ നിര്‍ബന്ധിച്ച് ഒപ്പിടുവിക്കരുതെന്ന് അഭിഭാഷകന്‍ നിലപാടെടുത്തു. രേഖകള്‍ ഒപ്പിടുന്നതിനു മുമ്പ് അഭിഭാഷകനോട് സംസാരിക്കണമെന്ന് ബിനീഷിന്റെ ഭാര്യ ആവശ്യപ്പെട്ടിരുന്നു. അനൂപിന്റെ ഡെബിറ്റ് കാർഡ് അടക്കം ഇഡി ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
ബുധനാഴ്ചയാണ് ബിനീഷിന്റെ വീട്ടിൽ അടക്കം വിവിധ സ്ഥലങ്ങളിൽ ഇഡി തിരച്ചിൽ നടത്തിയത്. തിരുവനന്തപുരത്തും കണ്ണൂരിലും അടക്കം എട്ടോളം സ്ഥലങ്ങളില്‍ ഒരേസമയം ഇ ഡി പരിശോധന നടത്തിയത്. ബിനീഷിന്റെ ബിനാമി സ്ഥാപനമെന്ന് വിലയിരുത്തപ്പെടുന്ന തിരുവനന്തപുരത്തെ കാര്‍ പാലസ്, ടോറസ് റെമഡീസ്, കെ കെ ഗ്രാനൈറ്റ്‌സ് തുടങ്ങിയവയിലും പരിശോധന നടത്തുന്നുണ്ട്. ബിനീഷിന്റെ സുഹൃത്തുക്കളുടെ വീട്ടിലും സ്ഥാപനങ്ങളിലും ഇ ഡി പരിശോധന നടത്തി. ഇ ഡി സംഘത്തോടൊപ്പം കര്‍ണാടക പൊലീസും സിആര്‍പിഎഫുമുണ്ട്.
ബിനീഷിന്റെ സുഹൃത്ത് അബ്ദുൾ ലത്തീഫിന്റെ വീട്ടിലും ഇ ഡി സംഘം റെയ്ഡ് നടത്തി. ബിനീഷിന്റെ സുഹൃത്ത് മുഹമ്മദ് അനസിന്‍റെ തലശ്ശേരിയിലെ വീട്ടിലും ഇ ഡി സംഘം പരിശോധന നടത്തി. കണ്ണൂർ ക്രിക്കറ്റ് അസോസിയേഷൻ മുൻ ഭാരവാഹിയായിരുന്നു മുഹമ്മദ് അനസ്.