തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ മനുഷ്യാവകാശലംഘനം നടത്തിയെന്നും റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും സിപിഎം. 26 മണിക്കൂര്‍ സമയം നീണ്ട പരിശോധനയ്ക്ക് ശേഷം ഇന്ന് ഉച്ചയോടെയാണ് ഇഡി, കര്‍ണാടക പോലീസ്, സിആര്‍പിഎഫ് എന്നീ സംഘം ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും മടങ്ങിയത്.
കുടുംബം നിയമനടപടി സ്വീകരിക്കുമെന്നും എന്നാല്‍ കേസില്‍ ഇടപെടില്ലെന്നും സിപിഎം അറിയിച്ചു. രാഷ്ട്രിയതാത്പര്യത്തോടെയുള്ള ഇത്തരം നടപടികളെ തുറന്ന് കാണിക്കുന്ന പ്രചാരണങ്ങള്‍ നടത്താനും സിപിഎം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവെയ്ലബിള് സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇഡി നടപടി വിലയിരുത്തിയത്.
ഇഡി വീട് പരിശോധിക്കുന്ന സമയം ബിനീഷിന്റെ ഭാര്യ റിനീറ്റയെയും മാതാവിനെയും കുഞ്ഞിനെയും കാണണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഇവിടെ എത്തിയിരുന്നു. ബന്ധുക്കളെ കര്‍ണാടക പോലീസും സിആര്‍പിഎഫും തടഞ്ഞു. ഇത് വാക്കുതര്‍ക്കത്തിന് ഇടയാക്കി. ബന്ധുക്കള്‍ വീടിന് മുന്പില് കുത്തിയിരുന്നു പ്രതിഷേധിച്ചു.റിനീറ്റയും കുഞ്ഞും അമ്മയും ഭക്ഷണം കഴിച്ചിട്ടില്ലെന്നും അവര്‍ക്ക് എന്തു സംഭവിച്ചെന്ന് അറിയണമെന്നും ബീനീഷിന്റെ ബന്ധുക്കള്‍ പറഞ്ഞു.
അതേസമയം, റിനീറ്റയ്ക്ക് ആരെയും കാണാന്‍ താത്പര്യമില്ലെന്ന് പോലീസ് ബന്ധുക്കളെ അറിയിച്ചു. എന്നാല്‍ റിനീറ്റ അങ്ങനെ പറയില്ലെന്നും അവരെ കാണാതെ പോകില്ലെന്നുമുള്ള നിലപാടിലായിരുന്നു ബന്ധുക്കള്‍. റിനീറ്റയെ വീട്ടുതടങ്കലിലാക്കിയെന്നും ബന്ധുക്കള്‍ ആരോപിച്ചു.തുടര്‍ന്ന് ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബാലാവകാശ കമ്മീഷന് ചെയര്മാന് സ്ഥലത്തെത്തി. അദ്ദേഹത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് റിനീറ്റയും കുഞ്ഞും അമ്മയും വീടിന് പുറത്തേക്ക് ഇറങ്ങാനായത്. അല്‍പ്പ സമയത്തിന് ശേഷം ഇഡിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവിടെ നിന്ന് മടങ്ങി.