ബിനീഷ് കോടിയേരിയുടെ വീടിനു മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം; പ്രവേശനം അനുവദിക്കാതെ എൻഫോഴ്സ്മെൻ്റ്

തിരുവനന്തപുരം: എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തുന്ന ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരം മരുതംകുഴിയിലെ വീടിനു മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം. വീട്ടിനുള്ളിലുള്ള ബിനീഷിന്റെ കുടുംബത്തെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണു ബന്ധുക്കള്‍ വീട്ടിനു മുന്നിലെത്തിയത്. വീടിനുള്ളിലുള്ള ബന്ധുക്കളെ കാണണമെന്നാവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധുക്കൾ വാക്കേറ്റമുണ്ടായി. ബിനീഷിന്റെ അമ്മയുടെ സഹോദരിയും ഭർത്താവും മക്കളുമാണ് എത്തിയത്.

അതേസമയം അകത്തേക്ക് പ്രവേശിക്കാൻ ഉദ്യോഗസ്ഥർ അനുമതി നൽകിയില്ല. അകത്തുള്ളവരെ കാണാൻ ഇപ്പോൾ സാധിക്കില്ലെന്നാണ് ഉദ്യോഗസ്ഥർ ബന്ധുക്കളെ അറിയിച്ചത്. അനുമതി നൽകുന്നതുവരെ ഗേറ്റിന് പുറത്ത് കുത്തിയിരിക്കുമെന്ന് ബന്ധുക്കൾ പ്രതികരിച്ചു.
വീട്ടിനുള്ളിൽ എന്താണ് നടക്കുന്നതെന്ന് ഞങ്ങൾക്കറിയണം. രണ്ട് സ്ത്രീകളും രണ്ടര വയസ്സുള്ള കുട്ടി പോലും വീടിനുള്ളിലുണ്ട്. അവർക്ക് എന്ത് സംഭവിച്ചുവെന്ന് അറിയണം. വീട്ടുതടങ്കലിൽ വെച്ചത് പോലെയാണ് ഇപ്പോഴുള്ളത്. ഫോണിലൂടെ ബന്ധപ്പെടാൻ പോലും സാധിക്കുന്നില്ല. നിയമനടപടിയുമായി മുന്നോട്ടുപോവും. മനുഷ്യത്വത്തിന്റെ പേരിലെങ്കിലും ഉള്ളിലുള്ളവരെ കാണാൻ അനുവദിക്കണമെന്നും ബന്ധുക്കൾ പറഞ്ഞു.

എന്നാൽ ബന്ധുക്കളെ ഇപ്പോൾ കാണേണ്ടെന്നാണ് ബിനീഷിന്റെ ഭാര്യ പറഞ്ഞതെന്ന് ഇഡി ഉദ്യോഗസ്ഥർ പോലീസിനെ അറിയിക്കുകയും അത് ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു. ഇത് ഭീഷണിപ്പെടുത്തി പറയിച്ചതായാകാമെന്നും ബന്ധുക്കൾ പറയുന്നു.

ഇഡിക്കൊപ്പം കർണാടക പോലീസും സിആർപിഎഫും ബിനീഷിന്റെ വീട്ടിലുണ്ട്. കഴിഞ്ഞ 23 മണിക്കൂറായി അന്വേഷണസംഘം ബിനീഷിന്റെ വീട്ടിൽ നടത്തുകയാണ്. ബന്ധുക്കളുടെ പ്രതിഷേധത്തെ തുടർന്ന് പൂജപ്പുരയിൽ നിന്നുള്ള പോലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

രാത്രിയോടെ റെയ്ഡ് അവസാനിച്ചെങ്കിലും കണ്ടെടുത്ത രേഖകളും മറ്റും രേഖപ്പെടുത്തി മഹസറിൽ ഒപ്പിടാൻ ബിനീഷിന്റെ ഭാര്യ വിസമ്മതിച്ചു.

വീട്ടിൽ നിന്ന് ക്രെഡിറ്റ് കാർഡ് കണ്ടെടുത്തുവെന്നും ഇത് പ്രതി അനൂപ് മുഹമ്മദിന്റേതാണെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഈ ക്രെഡിറ്റ് കാർഡ് അന്വേഷണ ഉദ്യോഗസ്ഥർ കൊണ്ടുവച്ചതാണെന്നാണ് ബിനീഷിന്റെ ഭാര്യ പറയുന്നത്.