ന്യൂഡെൽഹി: കൊറോണ ഡെൽഹിയിൽ വീണ്ടും പിടിമുറുക്കിയെന്നും ഇപ്പോൾ മൂന്നാം വ്യാപന ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. രാജ്യതലസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തുന്നതിനിടെയാണ് കെജ്രിവാളിൻ്റെ പ്രതികരണം. ഡെൽഹിയിൽ കൊറോണ രോഗികളുടെ എണ്ണം വർധിക്കുകയാണ്.
ഇത് മൂന്നാം വ്യാപനമാണെന്നാണ് ഞങ്ങൾ കരുതുന്നത്. സ്ഥിതി സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. ആശങ്കപ്പെടേണ്ട കാര്യമില്ല. ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കെജ്രിവാൾ പറഞ്ഞു.
ഡെൽഹിയിൽ പ്രതിദിന കൊറോണ രോഗികളുടെ എണ്ണം 6,000 കടന്നിരുന്നു. ചൊവ്വാഴ്ചയാണ് രോഗികളുടെ എണ്ണം വീണ്ടും 6,000 കടന്നത്.
കഴിഞ്ഞ അഞ്ച് ദിവസവും 5,000ലധികം കൊറോണ കേസുകൾ ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിരുന്നു.
കൊറോണ രോഗികൾക്ക് ആവശ്യമായ കിടക്കകൾ ഡൽഹിയിലുണ്ട്. ഐ.സി.യു ബെഡുകളുടേയും വെൻറിലേറ്ററുകളുടേയും ക്ഷാമമാണ് അനുഭവപ്പെടുന്നത്. സ്വകാര്യആശുപത്രികളുമായി ബന്ധപ്പെട്ട് ഇത് പരിഹരിക്കാനുള്ള നടപടികൾ തുടങ്ങിയെന്ന് കെജ്രിവാൾ പറഞ്ഞു.