തിരുവനനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് അന്വേഷണ ഏജന്‍സിയുടെ കാര്യമെന്ന് മുഖ്യമന്ത്രി. ഇ.ഡി അന്വേഷണത്തില്‍ പ്രവചനത്തിനില്ല. രാഷ്ട്രീയപ്രേരിതം എന്ന് പറയുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമവിരുദ്ധമായി എന്തെങ്കിലും ഉണ്ടായെങ്കില്‍ ആ കുടുംബം നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിഎം രവീന്ദ്രനെ ഏറെക്കാലമായി അറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.അന്വേഷണ ഏജന്‍സി വിളിപ്പിച്ചതുകൊണ്ട് കുറ്റംചാര്‍ത്താനാകില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
അതേസമയം ബിനീഷ് കോടിയേരിയുടെ വീട്ടില്‍ മണിക്കൂറുകള്‍ നീണ്ട റെയ്ഡ് നടത്തിയ ഇ.ഡിക്കെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. ബിനീഷിന്റെ കുടുംബത്തിന്റെ പരാതിയിലാണ് നടപടി. കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നും ഭയപ്പെടുത്തിയെന്നും കമ്മിഷന്‍ പറഞ്ഞു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറോട് അന്വേഷിക്കാനും നിര്‍ദേശം. ആവശ്യമെങ്കില്‍ കേസെടുക്കാനും നിര്‍ദേശിച്ചു.
ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിലെ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് 27 മണിക്കൂറിനുശേഷമാണു പൂര്‍ത്തിയാക്കിയത്. ഭാര്യാമാതാവിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്തു. റെയ്ഡിനിടെ ഭീക്ഷണിപ്പെടുത്തിയെന്നാരോപിച്ച് ബിനീഷിന്റെ കുടുംബവും റെയ്ഡ് തടസപ്പെടുത്തിയെന്നാരോപിച്ച് ഇഡിയും പൊലീസിനെ സമീപിച്ചു. അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് കണ്ടെത്തിയെന്ന മഹസറില്‍ ഒപ്പിട്ടില്ലെന്നും ബിനീഷിന്റെ ഭാര്യ റെനീറ്റ പറഞ്ഞു.ബുധനാഴ്ച രാവിലെ 9.30 നു തുടങ്ങിയ റെയ്ഡ് അവസാനിച്ചത് ഇന്നു രാവിലെ 11 മണിയ്ക്കാണ്.