ഇസ്ലാമാബാദ് : ലോകപ്രസിദ്ധ സിഖ് ആരാധനാലയമായ കർതാർപൂർ ഗുരുദ്വാരയുടെ നിയന്ത്രണം പാകിസ്ഥാന്റെ മതകാര്യ വകുപ്പ് ഏറ്റെടുത്തത്തിൽ പ്രതിഷേധം. പാകിസ്ഥാൻ സിഖ് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി എന്ന സിഖ് സമിതിയിൽ നിന്ന് ഏകപക്ഷീയമായാണ് മതകാര്യ വകുപ്പ് ഗുരുദ്വാര ഏറ്റെടുത്തത്. പാകിസ്ഥാനിലെ ഇവാക്വീ ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡ് എന്ന സിഖ് ഇതര സമിതിക്കാണ് നിയന്ത്രണം കൈമാറിയിരിക്കുകയാണ്.
പാക് മണ്ണിൽ, ഇന്ത്യൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന പഞ്ചാബ് പ്രവിശ്യയിലെ നരോവൽ ജില്ലയിലാണ് ഈ പ്രസിദ്ധ സിഖ് ആരാധനാലയം സ്ഥിതി ചെയ്യുന്നത്. സിഖ് വംശജരോട് ഒരു ചർച്ചയും നടത്താതെ അവിചാരിതമായാണ് നടപടി. സർക്കാരിൻ്റെ ഏകപക്ഷീയ തീരുമാനത്തിൽ കടുത്ത അമർഷമാണ് സിഖ് മതവിശ്വാസികൾക്കിടയിൽ ഉണ്ടായിട്ടുള്ളത്.
ഇപ്പോൾ ഗുരുദ്വാര ദർബാർ സാഹിബിന്റെ നിയന്ത്രണം കയ്യാളുന്ന പാകിസ്ഥാൻ സിഖ് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി വരുന്ന നവംബർ 9 -ന് കർതാർപൂർ ഇടനാഴിയുടെ ആദ്യ വാർഷികം ആഘോഷിക്കാനിരിക്കെയാണ് പാക് സർക്കാരിൻ്റെ ഇരുട്ടടി. ‘സിഖ് ഹൃദയങ്ങൾക്കിടയിൽ വിസ വേണ്ടാത്ത ഒരു ഇടനാഴി’ എന്ന വിശേഷണത്തോടെ ഇമ്രാൻ ഖാനും നരേന്ദ്ര മോദിയും ഒരുപോലെ മുന്നോട്ടുവെച്ച ഈ ഇടനാഴി ഇരുരാജ്യങ്ങളിലെയും ഭക്തർക്ക് തീർത്ഥാടനത്തിനുള്ള സൗകര്യമൊരുക്കിയിരുന്നു.
കർതാർപൂർ ഗുരുദ്വാര സിഖ് മത വിശ്വാസികളെ സംബന്ധിച്ച് ലോകത്തിൽ ഏറ്റവും പവിത്രമായ പ്രാർത്ഥനാലയങ്ങളിൽ ഒന്നാണിത്. ഗുരുനാനാക്ക് നേരിട്ടാണ് ഈ ഗുരുദ്വാര സ്ഥാപിച്ചതെന്നാണ് വിശ്വാസം. ഇവിടെത്തന്നെയാണ് ഗുരു അന്ത്യവിശ്രമം കൊള്ളുന്നത്. അദ്ദേഹം തന്റെ ജീവിതത്തിന്റെ അവസാനദിനങ്ങൾ ചെലവിട്ടതും ഇവിടെ നിന്ന് വെറും നാലു കിലോമീറ്റർ അകലെയാണ്.