കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ആറ് ദിവസത്തേക്ക് കൂടി എൻഫോഴ്സ്മെൻ്റ് കസ്റ്റഡിയിൽ വിട്ടു. സ്വർണ്ണക്കടത്തും ലൈഫ് മിഷനും തമ്മിൽ ബന്ധമുണ്ടെന്ന് എൻഫോഴ്സ്മെന്റ് കോടതിയിൽ പറഞ്ഞു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ ശിവശങ്കർ സ്വപ്നയ്ക്ക് കൈമാറിയെന്നാണ് ഇഡി പറയുന്നത്.
തനിക്ക് ആവശ്യത്തിന് വിശ്രമം അനുവദിച്ചെന്നും കസ്റ്റഡിയിൽ പീഡിപ്പിച്ചിട്ടില്ലെന്നും ശിവശങ്കർ കോടതിയെ അറിയിച്ചു. ഏഴ് ദിവസത്തെ കസ്റ്റഡിയായിരുന്നു ഇഡി ആവശ്യപ്പെട്ടത്. ചോദ്യം ചെയ്യല്ലിന്റെ ആദ്യ ദിവസങ്ങളിൽ ശിവശങ്കർ സഹകരിച്ചില്ലെന്നും എൻഫോഴ്സ്മെൻ്റ് കോടതിയെ അറിയിച്ചു.
ലൈഫ് മിഷൻ കേസ് എൻഫോഴ്സ്മെൻ്റിന് അന്വേഷിക്കാൻ പറ്റുമോയെന്ന് കോടതി ചോദിച്ചപ്പോഴാണ് ലൈഫ് മിഷനും സ്വർണ്ണക്കടത്തും തമ്മിൽ ബന്ധമുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചത്. ലൈഫ് മിഷൻ വിവാദങ്ങളും ഇഡി കേസുമായി ബന്ധമില്ലെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ വാദിച്ചു.