27 മണിക്കൂർ നീണ്ട ബിനീഷിന്‍റെ വീട്ടിലെ റെയ്ഡ് പൂർത്തിയാക്കി ഇഡി; ഭാര്യയും കുഞ്ഞും ബന്ധുക്കളെ കണ്ടു

തിരുവനന്തപുരം: നീണ്ട 27 മണിക്കൂർ റെയ്ഡിനു ശേഷം എൻഫോഴ്സ്മെന്റ് മടങ്ങി. ഇതോടെ ബിനീഷിന്‍റെ ഭാര്യയും കുഞ്ഞും പുറത്തെത്തി ബന്ധുക്കളെ കണ്ടു. ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ വീട്ടിൽ നിന്ന് കൊണ്ടുപോയത് തന്റെ അമ്മയുടെ ഐ ഫോൺ മാത്രമാണെന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യ റെനിറ്റ മാധ്യമങ്ങളോട് പറഞ്ഞു.
അമ്മയുടെ ഐഫോൺ എടുത്ത സ്റ്റേറ്റ്മെന്റിൽ മാത്രമാണ് ഒപ്പിട്ടത്.

റെയ്ഡിനിടെ അനൂപ് മുഹമ്മദിന്റെ പേരിലുള്ള ഒരു കാർഡ് കിട്ടിയെന്നും അതിൽ ഒപ്പിടാൻ നിർബന്ധിക്കുകയും ചെയ്തു. എന്നാൽ അത് ഉദ്യോഗസ്ഥർ ഇവിടെ മനഃപൂർവം കൊണ്ടിട്ടതാണെന്നും ഒപ്പിട്ട് കൊടുത്തിട്ടില്ലെന്നും അവർ വ്യക്തമാക്കി. വീട്ടിൽ താഴത്തെ നിലയിലെ ഒരു മുറിയിൽ മാത്രമാണ് ഇഡി സംഘം പരിശോധിച്ചത്.
ബിനീഷ് കോടിയേരി ബോസും ഡോണുമല്ലെന്നും തന്റെ രണ്ട് കുട്ടികളുടെ അച്ഛൻ മാത്രമാണെന്നും മാധ്യമങ്ങൾക്ക് മുന്നിൽ റെനിറ്റ പറഞ്ഞു.

കുട്ടിയേയും തന്നേയും താഴത്തെ മുറിയിലാക്കി നേരെ ബിനീഷിന്റെ റൂമിലേക്ക് പോയിട്ടായിരുന്നു പരിശോധന. കാർഡല്ലാതെ ഒന്നും തന്നെ ഇവിടെനിന്ന് കിട്ടിയില്ല. ഇതിനകത്തെ ഡ്രോയറിൽ നിന്ന് ക്രഡിറ്റ് കാർഡ് ലഭിച്ചെന്നാണ് ഇഡിയുടെ സ്റ്റേറ്റ്മെന്റിൽ പറഞ്ഞത്. അത് വായിച്ച് നോക്കിയപ്പോഴാണ് മുഹമ്മദ് അനൂബിന്റെ കാർഡാണെന്ന് മനസിലായത്. അത് ഇവിടെ നിന്ന് ലഭിച്ചതല്ല. അതിൽ ഒപ്പിടാൻ സാധിക്കില്ലെന്ന് പറഞ്ഞു.

ഒപ്പിടാതെ തങ്ങളിവിടെ നിന്ന് പോകില്ലെന്നും ബിനീഷ് ശനിയാഴ്ച മടങ്ങിവരണം എന്നുണ്ടെങ്കിൽ സ്റ്റേറ്റ്മെന്റിൽ ഒപ്പിടണം എന്നുമാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. അല്ലെങ്കിൽ ബിനീഷ് അവിടെ കിടക്കും എന്നും പറഞ്ഞ് മാനസികമായി പീഡിപ്പിച്ചതായും അമ്മയുടെ ഐ ഫോൺ പിടിച്ചെടുത്ത് കൊണ്ടുപോയെന്നും അവർ മാധ്യമങ്ങളെ അറിയിച്ചു. വീടിനകത്ത് ഒരു മുറിയിൽ മാത്രമായിരുന്നു പരിശോധന നടന്നത് എന്നും റെനിറ്റ പറഞ്ഞു.