ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിൽ ജയിലിൽ കഴിയുന്ന പേരറിവാളനെ മോചിപ്പിക്കാനുള്ള തമിഴ്നാട് സർക്കാറിെൻറ ശിപാർശയിൽ തീരുമാനം നീട്ടിക്കൊണ്ടുപോകുന്ന ഗവർണറുടെ നടപടിയിൽ അതൃപ്തിയറിയിച്ച് സുപ്രീംകോടതി. സർക്കാരിൻ്റെ ശിപാർശ പ്രകാരം മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പേരറിവാളൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് രണ്ടുവർഷമായിട്ടും ഗവർണർ തീരുമാനമെടുക്കാത്തതിൽ കോടതി വാക്കാൽ അതൃപ്തി അറിയിച്ചത്.
അധികാര പരിധി ലംഘിച്ച് ഈ പ്രശ്നത്തിൽ ഇടപെടാനാകില്ല. എന്നാൽ, ശിപാർശയിൽ രണ്ടു വർഷമായിട്ടും തീരുമാനമെടുക്കാതെയിരിക്കുന്നതിൽ അതൃപ്തിയുണ്ടെന്നായിരുന്നു ജസ്റ്റിസ് എൽ. നാഗേശ്വര റാവു ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കിയത്. കോടതികൾ ഗവർണർക്ക് നിർദേശം നൽകിയ സാഹചര്യങ്ങൾ ബെഞ്ചിന് മുമ്പാകെ ഹാജരാക്കാൻ പേരറിവാളൻ്റെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു.