ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുകി; ആറിടത്ത് റെയ്ഡ്

തിരുവനന്തപുരം: ബംഗ്ലൂരൂ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീട്ടിലും ബിനീഷുമായി ബന്ധമുണ്ടെന്ന് കരുതുന്നവരുടെ സ്ഥാപനത്തിലും ഒരേ സമയം ഇഡി ഉദ്യോഗസ്ഥരുടെ പരിശോധന. സിആര്‍പിഎഫും കര്‍ണാടക പൊലീസും സംഘത്തോടൊപ്പം ഉണ്ട്. ബിനാമി ബന്ധം ഉണ്ടെന്ന് പ്രതീക്ഷിക്കുന്ന എല്ലാ ഇടങ്ങളിലും ഒരുമിച്ചാണ് പരിശോധന നടക്കുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ഉടമസ്ഥതയിലുള്ള കോടിയേരി ബാലകൃഷ്ണൻ താമസിച്ചിരുന്ന മരുതംകുഴിയിലെ വീട്ടിലും ബിനീഷിന്റെ സുഹൃത്തുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും എൻഫോഴ്സ്മെന്റ് റെയ്ഡ് തുടരുകയാണ്.

ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട ആറ് കേന്ദ്രങ്ങളിൽ ആണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യാപക റെയ്ഡ് നടത്തുന്നത്. ബിനീഷിന്റെ ബിനാമിയുടെ അരുവിക്കരയിലെ വീട്ടിലും ഇ ഡിസംഘം പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. അൽ ജാസം അബ്ദുൾ ജബ്ബാർ എന്ന വ്യക്തിയുടെ വീട്ടിലാണ് പരിശോധന. ഇയാൾ മാൻപവർ കൺസൾട്ടൻസി നടത്തി വരുകയായിരുന്നു. ആഡംമ്പര കാർ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇയാൾ നേരത്തെ ഇഡിയുടെ നിരീക്ഷണത്തിലായിരുന്നു.

ഇത് കൂടാതെ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് സമീപമുള്ള ചിറക്കുളം റോഡിൽ ടോറസ് റമിഡീസ് എന്ന സ്ഥാപനത്തിലും പരിശോധന നടക്കുകയാണ്. ബിനീഷ് കോടിയേരിയുടെ സുഹൃത്തും കണ്ണൂർ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയുമായ മുഹമ്മദ് അനസിന്റെ വീട്ടിൽ ഇഡി പരിശോധന നടത്തുന്നുണ്ട്. കണ്ണൂർ ധർമ്മടത്തെ വീട്ടിലാണ് പരിശോധന നടത്തുന്നത്. കണ്ണൂര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി കൂടിയാണ് മുഹമ്മദ് അനസ്. ബീനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വസതിയിലും അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും റെയിഡ് നടക്കുന്നതിനിടെയാണ് ഇഡി, മുഹമ്മദ് അനസിന്റെ വസതിയിലും എത്തിയത്.