മാവോയിസ്റ്റുകൾക്കെതിരേ വയനാട്ടില്‍ നടന്നത് വ്യാജ ഏറ്റുമുട്ടൽ: മുല്ലപ്പള്ളി

കൊല്ലം: മാവോയിസ്റ്റുകൾക്കെതിരേ വയനാട് പടിഞ്ഞാറത്തറ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കൊല്ലത്ത് വാർത്താസമ്മേളനത്തിൽ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എൽഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം പത്ത് വ്യാജ ഏറ്റുമുട്ടലുകൾ നടന്നു. മാവോയിസ്റ്റുകളെ നേരിടേണ്ടത് തോക്കും ലാത്തിയും കൊണ്ടല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

എല്ലാ വ്യാജ ഏറ്റുമുട്ടലുകളെ കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആന്ധ്രാപ്രദേശിലോ, ചത്തീസ്ഗഢിലോ ഉള്ളപോലുള്ള തീവ്ര ഗ്രൂപ്പല്ല ഇവിടെ പ്രവർത്തിക്കുന്നത്. കുറെ പട്ടിണി പാവങ്ങളാണ്. അവരെയാണ് വെടിവെച്ച് കൊല്ലുന്നതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

വയനാട് പടിഞ്ഞാറത്തറ കൊയ്ത്തുംപാറ വാളാരംകുന്നിലാണ് കഴിഞ്ഞ ദിവസം രാത്രി മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വാളാരംകുന്നിലെ ആദിവാസി കോളനിയോട് ചേര്‍ന്നുള്ള ഭാഗത്തായിരുന്നു ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മരിച്ചയാള്‍ മലയാളിയല്ലെന്നാണ് പ്രാഥമിക വിവരം.