തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ വീട്ടിൽ എൻഫോഴ്സ്മെൻ്റ് റെയ്ഡ് തുടങ്ങി. ഇഡിയുടെ എട്ടംഗ സംഘമാണ് റെയ്ഡിന് നേതൃത്വം നൽകുന്നത്. രാവിലെ 9.10 മണിയോടെയാണ് ഉദ്യോഗസ്ഥർ ഇവിടെയെത്തിയത്. വീടിന്റെ താക്കോൽ ലഭിക്കാത്തതിനാൽ ഇഡി ഉദ്യോഗസ്ഥർ വീടിനുള്ളിൽ പ്രവേശിക്കാനാകാതെ കുറെ നേരം കാത്തു നിൽക്കേണ്ടി വന്നു.
മയക്കുമരുന്നുകേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ബിനീഷ് കോടിയേരിയുടെ മരുതംകുഴി കൂട്ടാൻവിളയിലുള്ള വീട്ടിലാണ് പരിശോധന നടത്തുന്നത്. കർണാടക പോലീസും സിആർപിഎഫും ഇവർക്കൊപ്പമുണ്ട്. ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥരും ഈ സംഘത്തിലുണ്ട്.
കേസിൽ ഇഡി അറസ്റ്റുചെയ്തിട്ടുള്ള ബിനീഷിന്റെ പേരിലാണ് ‘കോടിയേരി’ എന്ന വീടെങ്കിലും ഇവിടെ അദ്ദേഹത്തിന്റെ അച്ഛനും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണനും താമസിക്കുന്നുണ്ടെന്നതാണ് രാഷ്ട്രീയശ്രദ്ധ ആകർഷിച്ചത്.
9 മണിയോടെയാണ് ഉദ്യോഗസ്ഥർ ഇവിടെയെത്തിയത്. വീടിന്റെ താക്കോൽ ലഭിക്കാത്തതിനാൽ ഇഡി ഉദ്യോഗസ്ഥർ പരിശോധന തുടങ്ങുന്നത് വൈകി. സിആർപിഎഫ് ഉദ്യോഗസ്ഥർ സുരക്ഷയ്ക്കായി ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച വൈകീട്ടോടെയാണ് വീട് പരിശോധിക്കുമെന്ന വിവരം ചാനലുകളിൽ വാർത്തയായത്. സ്വത്തുവകകളുടെ കൂട്ടത്തിൽ ഈ വീടിനെക്കുറിച്ചുള്ള വിവരം ബിനീഷ് ഇഡിയോട് വ്യക്തമാക്കിയിരുന്നു. ബിനീഷിന്റെ പേരിലുള്ള കെ.എൽ. 01 ബി.കെ. 55 രജിസ്ട്രേഷനിലുള്ള ഇന്നോവ കാർ വീട്ടുമുറ്റത്തുണ്ടായിരുന്നു.
കോടിയേരി ബാലകൃഷ്ണന് അനുവദിച്ചിരുന്ന നിയമസഭാ ഹോസ്റ്റൽ വിലാസത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഈ കാറാണ് ബിനീഷ് സ്ഥിരമായി ഉപയോഗിച്ചിരുന്നത്.