ബിജെപി പ്രചാരണ യാത്രയ്ക്ക് എംജിആർ ചിത്രം; വിമർശനവുമായി എഡിഎംകെ

ചെന്നൈ: ബിജെപി രാഷ്ട്രീയ പ്രചാരണ പരിപാടിക്ക് മുൻ മുഖ്യമന്ത്രിയും സിനിമാതാരവുമായ എംജി രാമചന്ദ്രന്റെ – എംജിആര്‍ ചിത്രം ഉപയോഗിച്ചതിന് എതിരേ പ്രതിഷേധവുമായി സഖ്യകക്ഷി കൂടിയായ എഐഎഡിഎംകെ രംഗത്ത്.

ബിജെപി തങ്ങളുടെ ‘വേല്‍ യാത്ര’യുടെ പ്രചാരണത്തിന്റെ ഭാഗമായാണ് എംജിആറിൻ്റെ ഫോട്ടോ ഉപയോഗിച്ചത്. “അവര്‍ക്ക് സ്വന്തമായി ഒരു നേതാവില്ല, എം‌ജി‌ആറിന്റെ പ്രതിച്ഛായ ഉപയോഗിക്കാനുള്ള ധാര്‍മ്മിക അവകാശം മറ്റൊരു പാര്‍ട്ടിക്കും ഇല്ല.”മുതിര്‍ന്ന എഐഎഡിഎംകെ മന്ത്രി ഡി ജയകുമാര്‍ നിലപാട് വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച സംസ്ഥാന ബിജെപി യൂണിറ്റിന്റെ സാംസ്കാരിക വിഭാഗം പുറത്തിറക്കിയ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള മ്യൂസിക് വീഡിയോയില്‍ എം‌ജി‌ആറിന്റെ ഒരു ഫോട്ടോ ഉപയോഗിച്ചിരുന്നു. നരേന്ദ്ര മോദി എംജിആറിന്റെ സന്ദേശ വാഹകനാണ് എന്ന തരത്തിലായിരുന്നു പാട്ടിലെ വരികള്‍.

മുരുകനെ ആഘോഷിക്കുന്ന “വേല്‍ യാത്ര” സംസ്ഥാനത്ത് ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാനുള്ള ശ്രമമായിട്ടാണ് കാണപ്പെടുന്നത്, പ്രത്യേകിച്ച്‌ പിന്നാക്ക സമുദായങ്ങളില്‍ നിന്നുള്ള മുരുക ഭക്തര്‍ക്കിടയില്‍. നവംബര്‍ ആറ് മുതല്‍ സംസ്ഥാനത്തെ പ്രമുഖ മുരുക ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിപാടിക്ക് സംസ്ഥാന ബിജെപി മേധാവി എല്‍ മുരുകന്‍ നേതൃത്വം നല്‍കും. പരിപാടിയുടെ ഭാഗമായി ബിജെപി പ്രസിഡന്റ് ജെ പി നദ്ദ സംസ്ഥാനം സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

“അവര്‍ക്ക് സ്വന്തമായി ഒരു നേതാവില്ലേ? എന്തുകൊണ്ടാണ് അവര്‍ ഞങ്ങളുടെ നേതാവിന്റെ ചിത്രം ഉപയോഗിക്കുന്നത്? പാര്‍ട്ടി സ്ഥാപിച്ചതും സംസ്ഥാനത്ത് എഐഎഡിഎംകെയുടെ വിജയത്തിന്റെ കാരണക്കാരനുമായ ഞങ്ങളുടെ നേതാവാണ് എം.ജി.ആര്‍. അദ്ദേഹത്തിന്റെ പ്രതിച്ഛായ ഉപയോഗിക്കാനുള്ള ധാര്‍മ്മിക അവകാശം മറ്റൊരു പാര്‍ട്ടിക്കും ഇല്ല,” ജയകുമാര്‍ പറഞ്ഞു.

മോദി എം‌ജി‌ആറിന്റെ പാത പിന്തുടരുന്നുവെന്നും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നും സംസ്ഥാന ബിജെപി മേധാവി എല്‍ മുരുകനെ നേരത്തെ പറഞ്ഞിരുന്നു. എം‌ജി‌ആറിന്റെ ഫോട്ടോ ഉപയോഗിക്കുന്നതിനെ ന്യായീകരിച്ച് മുതിര്‍ന്ന ബിജെപി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ഒതുക്കാന്‍ കഴിയാത്ത ജീവിതമായിരുന്നു എംജിആറിന്റേതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വേല്‍ യാത്രയിലൂടെ സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതായി ദലിത് പാര്‍ട്ടി വിസികെ നേതാവ് തോല്‍ തിരുമാവലവനും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ആരോപിച്ചു.