കൊച്ചി: സാധാരണ കൃഷിസ്ഥലങ്ങളും തരിശുഭൂമികളും കൃഷി ചെയ്തു കേരളം മുഴുവന്‍ ഭക്ഷ്യ സ്വയം പര്യാപ്തതയിലെത്താന്‍ പരിശ്രമിക്കണമെന്നു സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴയ്ക്കടുത്തു പൈങ്ങോട്ടൂര്‍ ഗ്രാമത്തിലെ അഞ്ചേക്കര്‍ വയലില്‍ നെല്‍കൃഷിക്കു തുടക്കം കുറിച്ചു സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍.
മൂന്നു കൃഷിക്കാര്‍ നല്‍കിയ പാടങ്ങള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ അഞ്ചേക്കര്‍ കൃഷിസ്ഥലത്താണ് നെല്‍കൃഷി ആരംഭിച്ചത്. കോതമംഗലം രൂപതയിലെ പൈങ്ങോട്ടൂര്‍ പള്ളിവികാരിയും ഇന്‍ഫാമിന്‍റെ സംസ്ഥാന ഡയറക്ടറുമായ ഫാ. ജോസ് മോനിപ്പിള്ളിയാണ് സംരംഭത്തിന്‍റെ സംഘാടകന്‍. കേരളത്തിൽ സഭയുടെ വിവിധ ഇടവകകളിലെ വയലുകളില്‍ ഇന്‍ഫാമിന്‍റെയും ജീവ കര്‍ഷകകൂട്ടായ്മകളുടെയും ആഭിമുഖ്യത്തില്‍ സമാനമായ കൃഷികള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്.
കൊറോണക്കാലത്തു ഭക്ഷ്യവിഭവങ്ങള്‍ കഴിവതും ഉല്പാദിപ്പിക്കുവാന്‍ എല്ലാവരും പരിശ്രമിക്കണം. കൃഷിഭൂമിയുള്ള കര്‍ഷകര്‍ സ്വന്തമായി സ്ഥലമില്ലാത്ത പാവപ്പെട്ടവരുമായി ഒത്തുചേര്‍ന്നു കൃഷി ചെയ്യുകയും വിഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നതിലൂടെ സംസ്ഥാനം മുഴുവന്‍ ഒരു കൃഷി വിപ്ലവം സംജാതമാക്കുവാന്‍ സാധിക്കുമെന്നു കര്‍ദ്ദിനാള്‍ പറഞ്ഞു. ഇത്തരം അനുകരണീയ സംരംഭങ്ങള്‍ സമൂഹത്തില്‍ കൂട്ടായ്മ വളര്‍ത്തുന്നതിന് ഉപകരിക്കും. ധാന്യവിളകളുടെയും പച്ചക്കറികളുടെയും ഉല്പാദനത്തോടൊപ്പം കാലി വളര്‍ത്തല്‍, മത്സ്യക്കൃഷി, കോഴിവളര്‍ത്തല്‍ മുതലായ തൊഴിലുകള്‍ ജനങ്ങള്‍ പരിശീലിക്കുന്നതും ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നു മാര്‍ ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു.
ഇന്‍ഫാം സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസ് മോനിപ്പിള്ളില്‍, കോതമംഗലം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ റവ. ഡോ. തോമസ് ജെ. പറയിടം, ഇന്‍ഫാം ദേശീയ ട്രസ്റ്റി ജോയി തെങ്ങുംകുടി, സംസ്ഥാന പ്രസിഡന്‍റ് ജോസ് എടപ്പാട്ട്, പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഡാന്‍റി തോമസ്, ഫാ. മാത്യു തറപ്പില്‍, ഫാ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, ഫാ. ജെയിംസ് പുലിയുറുമ്പില്‍, ഫാ. ചാള്‍സ് കപ്യാരുമലയില്‍,ഇന്‍ഫാം ഭാരവാഹികളായ ജോയി ചെറുകാട്ട്, ജോയല്‍ തേക്കുംകാട്ടില്‍, ഫ്രാന്‍സിസ് നെല്ലിക്കുന്നേല്‍, മേജോ കിഴക്കേകുരീത്തടത്തില്‍, ബ്രദര്‍ ജോഷി സിസ്റ്റർ മേരി ടോം പാറയ്ക്കല്‍ തുടങ്ങിയവർ പങ്കെടുത്തു.