മുംബൈ: കൊറോണക്കാലത്തും ബുള്ളറ്റ് നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന് വില്‍പനയില്‍ റെക്കോഡ് നേട്ടം. മുംബൈയില്‍ മാത്രം 1200 പുതിയ മോട്ടോര്‍ സൈക്കിള്‍ ആണ് നവരാത്രി – ദസറ ആഘോഷ വേളയില്‍ ഉടമസ്ഥര്‍ക്കു നല്‍കിയതെന്നാണ് ഐഷര്‍ മോട്ടോഴ്സിന്റെ ഇരുചക്രവാഹന നിര്‍മാണ വിഭാഗമായ റോയല്‍ എന്‍ഫീല്‍ഡ് പറയുന്നത്. കൂടാതെ 3700 ബൈക്കുകള്‍ മഹാരാഷ്ട്രയില്‍ വിറ്റെന്നും കമ്പിനി പറയുന്നു.
മഹാരാഷ്ട്രയില്‍ 92 സ്റ്റോറുകളാണു റോയല്‍ എന്‍ഫീല്‍ഡിനുള്ളത്. പ്രധാനമായും വിറ്റു പോയത് ബുള്ളറ്റ് 350, ഹിമാലയന്‍ ക്ലാസിക് 350, 650 സി സി എന്‍ജിനുള്ള ഇരട്ടകളായ ‘ഇന്റര്‍സെപ്റ്റര്‍ 650’, ‘കോണ്ടിനെന്റല്‍ ജി ടി 650’ എന്നിവയാണ്. കൊറോണ വൈറസ് വ്യാപനവും ലോക്ക്ഡൗണുമൊക്കെ ഇന്ത്യന്‍ വാഹന വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു.എന്നാല്‍, ഈ ഉത്സവവേളയില്‍ വില്‍പ്പനയില്‍ പതിവു വളര്‍ച്ച കൈവരിക്കാനായതു നിര്‍മാതാക്കള്‍ക്കു പ്രതീക്ഷ നല്‍കുന്നുണ്ട്.
മുംബൈയില്‍ 262 ബൈക്കുകളാണു സര്‍വീസ് ഓണ്‍ വീല്‍സ് പദ്ധതിക്കായി റോയല്‍ എന്‍ഫീല്‍ഡ് ഒരുക്കിയിരിക്കുന്നത്. ദേശീയതലത്തിലാവട്ടെ സര്‍വീസ് ഓണ്‍ വീല്‍സ് ബൈക്കുകളുടെ എണ്ണം 800 കടന്നു. ഇപ്പോള്‍ മീറ്റിയോര്‍ 350 അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റോയല്‍ എന്‍ഫീല്‍ഡ്. ഹോണ്ടയുടെ ഹൈനെസ് സിബി 350, എന്‍ഫീല്‍ഡിന്റെ തന്നെ ക്ലാസിക് 350 ബൈക്കുകളോടാവും മീറ്റിയോര്‍ 350 മത്സരിക്കുക.