ഡെൽഹിയിൽ നിന്നും വുഹാനിലെത്തിയ 19 യാത്രക്കാർക്ക് കൊറോണ ; പരിശോധനാ ഫലം വിവാദമായി

ന്യൂഡെൽഹി: ചൈനയിലെ വുഹാനിലെത്തിയ യാത്രികർക്ക് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് വിവാദം. വന്ദഭാരത് മിഷനിലൂടെ ഡെൽഹിയിൽ നിന്നും വുഹാനിലെത്തിയ 19 യാത്രികർക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ എല്ലാ സുരക്ഷ പ്രോട്ടോക്കോളുകളും പാലിക്കുന്നുണ്ടെന്നും വിമാനത്തിലെ എല്ലാ യാത്രക്കാരുടെ പക്കലും അംഗീകൃത ലാബുകളിൽ നിന്നുള്ള കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റുകളുണ്ടായിരുന്നുവെന്നും എയർഇന്ത്യ പറയുന്നു.

വുഹാനിലെത്തിയ രോഗം സ്ഥിരീകരിച്ചവരെ കൂടാതെ 39 പേർക്ക് രോഗലക്ഷണങ്ങൾ ഉള്ളതായും ചൈനീസ് അധികൃതർ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരേയും ലക്ഷണങ്ങൾ കാണിച്ചവരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അംഗീകൃത ലാബുകളിൽ നിന്നുള്ള കൊറോണ നെഗറ്റീവ് റിപ്പോർട്ടുകളുള്ള യാത്രികരുമായിട്ടാണ് വുഹാനിലേക്ക് പുറപ്പെട്ടത്.

അധികൃതർ നിശ്ചയിച്ചിട്ടുള്ള എല്ലാ മാർഗനിർദേശങ്ങളും പാലിച്ചുകൊണ്ടായിരുന്നു യാത്രയെന്ന് എയർഇന്ത്യ അറിയിച്ചു. എയർഇന്ത്യ വിമാനത്തിൽ യാത്ര ചെയ്തവർക്ക് മറ്റു രാജ്യങ്ങളിലെത്തുമ്പോൾ പോസിറ്റീവായി കണ്ടെത്തുന്നത് ആദ്യത്തെ സംഭവമല്ല.

മുംബൈയിൽ നിന്നുള്ള ഏതാനും യാത്രക്കാർക്ക് കൊറോണ പോസിറ്റീവായതിനെ തുടർന്ന് ഹോംങ്കോങ് നവംബർ 10 വരെ എല്ലാ എയർ ഇന്ത്യ വിമാനങ്ങൾക്കും നിരോധനമേർപ്പെടുത്തിയിരിക്കുകയാണ്. നാലാം തവണയാണ് ഹോംങ്കോങ് എയർഇന്ത്യക്ക് നിരോധനമേർപ്പെടുത്തുന്നത്.