തിരുവനന്തപുരം: ദീർഘദൂര സർവ്വീസുകളിൽ ആഴ്ചയിൽ മൂന്നുദിവസം ടിക്കറ്റ് നിരക്കിൽ 25 % വരെ ഇളവ് പ്രഖ്യാപിച്ച് കെഎസ്ആർടിസി. സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ്, സൂപ്പർ ഡീലക്സ് എന്നീ സർവ്വീസുകളിൽ യാത്രാക്കാരുടെ കുറവ് അനുഭവപ്പെടുന്ന ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ് ഇളവ് കെഎസ്ആർടിസി പ്രഖ്യാപിച്ചത്. നാളെ മുതൽ ഇത് പ്രാബല്യത്തിൽ വരും.
കൊറോണ പ്രതിസന്ധി കാരണം ദീർഘദൂര സർവ്വീസുകളിൽ നിലവിൽ യാത്രാക്കാരുടെ എണ്ണത്തിൽ കുറവ് വന്നതിനെ തുടർന്നാണ് നടപടി. ഈ സാഹചര്യത്തിൽ കൂടുതൽ യാത്രാക്കാരെ കെഎസ്ആർടിസിയിൽ ആകർഷിക്കുന്നതിനും, യാത്രാക്കാരുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തുന്നതിനും വേണ്ടി ഡയറക്ടർ ബോർഡ് യാത്രാനിരക്കിൽ ഇളവ് നൽകാൻ അനുവാദം നൽകിയിരുന്നു.
ഈ നിരക്ക് കുറയ്ക്കുന്നതോടെ കൊറോണ കാലത്ത് ഉണ്ടായ വർദ്ധനവ് ഇല്ലാതായിരിക്കുകയാണെന്ന് കെഎസ്ആർടി അവകാശപ്പെടുന്നു. സംസ്ഥാനത്തിനുള്ളിൽ സർവ്വീസ് നടത്തുന്ന കെഎസ്ആർടിസിയുടെ എല്ലാ സൂപ്പർക്ലാസ് സർവ്വീസുകൾക്കും ചൊവ്വ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ നിലവിലെ നിരക്കിൽ 25% ഇളവ് അനുവദിച്ച് പരീക്ഷണാടിസ്ഥാനത്തിൽ സർവ്വീസ് നടത്താൻ സിഎംഡി ഉത്തരവിട്ടു. ഇത് യാത്രാക്കാരെ കെഎസ്ആർടിസിയിൽ കൂടുതൽ ആകർഷിക്കാൻ കഴിയുമെന്നാണ് കെഎസ്ആർടിസിയുടെ വിലയിരുത്തൽ