തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ റേഷന്‍ കട വ്യാപാരികള്‍ കട അടച്ച് പ്രതിഷേധിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ ഏഴ് വരെ കടകൾ അടച്ചിടുക. സിവില്‍ സപ്ലൈസ് കോര്പ്പറേഷന് നേരിട്ട് നടത്താന്‍ തീരുമാനിച്ച റേഷന്‍ കട ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. സംസ്ഥാനത്ത് വ്യാപാരികൾ നാളെ കടകൾ തുറന്ന് വിൽപ്പനയില്ലാതെ പ്രതിഷേധിക്കും.
സമരം മൂലം കടയടച്ച് റേഷന്‍ മുടങ്ങുന്ന സ്ഥലങ്ങളില്‍ സപ്ലൈകോ ഔട്ട്ലെറ്റുകളോട് ചേര്‍ന്ന് റേഷന്‍ കടകള്‍ തുറക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഈ നീക്കത്തോടാണ് വ്യാപാരികളുടെ എതിര്‍പ്പ്. തിരുവനന്തപുരത്ത് പുളിമൂട്ടിലാണ് ആദ്യത്തെ സപ്ലൈക്കോ റേഷന്‍ കടയുടെ ഉദ്ഘാടനം.
സര്‍ക്കാര്‍ റേഷന്‍ കടകള്‍ തുടങ്ങുന്നത് നിയമവിരുദ്ധമാണെന്നാണ് റേഷന്‍ വ്യാപാരികളുടെ വാദം. കറുത്ത ബാഡ്ജ് ധരിച്ച് വ്യാപാരികള്‍ പ്രതിഷേധിക്കും. ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്റെയും കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തിലാണ് സമരം.
അതേസമയം സംസ്ഥാന വ്യാപകമായി നാളെ കടകൾ തുറന്ന് വിൽപ്പനയില്ലാതെ പത്ത് ലക്ഷത്തിലധികം വ്യാപാരികള്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തും. പ്രതിഷേധ സമരത്തിന്റെ ഭാഗമായി രാവിലെ 10 മുതല്‍ 12 വരെ കടതുറന്ന് വില്‍പന നിര്‍ത്തി തൊഴില്‍ ബഹിഷ്കരിച്ച് പ്രതിഷേധ സമരത്തില്‍ എല്ലാ വ്യാപാരികളും വ്യാപാര സ്ഥാപനത്തിന്റെ മുമ്പിലും വിവിധ കേന്ദ്രങ്ങളിലും പ്രതിഷേധ ധര്‍ണ്ണയില്‍ അണിചേരുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസ്സിറുദ്ദീനും ജനറല്‍ സെക്രട്ടറി രാജു അപ്സരയും അറിയിച്ചു.
ജിഎസ് ടി യിലെ വ്യാപാര ദ്രോഹ നടപടികള്‍ നിര്‍ത്തിവെക്കുക കോവിഡ് മാനദണ്ഡങ്ങളുടെ മറവില്‍ വ്യാപാരികളെ തകര്‍ക്കുന്ന ഉദ്യോഗസ്ഥ നടപടികള്‍ അവസാനിപ്പിക്കുക, പരിധിയില്‍ കൂടുതല്‍ പിരിച്ചെടുത്ത പ്രളയ സെസ്സ് നിര്‍ത്തലാക്കുക, അനധികൃത വഴിയോര വാണിഭങ്ങള്‍ നിരോധിക്കുക, കാലഹരണപ്പെട്ട വാറ്റിന്റെ പേരില്‍ പുറപ്പെടുവിച്ചിട്ടുള്ള നോട്ടീസ് നടപടികള്‍ പിന്‍വലിക്കുക, പുതുക്കിയ വാടകക്കുടിയാന്‍ നിയമം ഉടന്‍ നടപ്പിലാക്കുക, ലൈസന്‍സിന്റെ പേരില്‍ നടത്തുന്ന അന്യായമായ പിഴ ശിക്ഷ റദ്ദാക്കുക തുടങ്ങി പതിനൊന്ന് ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് പ്രതിഷേധം.