തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റ എല്ലാ അർഥത്തിലും തരം താഴ്ന്നുകൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഡിജിപിക്കെതിരെ ഒരു കമ്മീഷനെ വച്ച് അന്വേഷണം നടത്തുകയാകും ആദ്യം ചെയ്യുകയെന്നും ചെന്നിത്തല പറഞ്ഞു. സർക്കാരിൻ്റെ അഴിമതിയും സ്വജനപക്ഷപാതവും കൊള്ളയും തുറന്നുകാട്ടുന്ന പ്രതിപക്ഷ എംഎൽഎമാർക്കും നേതാക്കൾക്കുമെതിരെ കള്ളക്കേസെടുക്കാൻ ഡിജിപി തന്നെ മുൻ കൈ എടുക്കുന്നു. ഇത്തരം നടപടി അവസാനിപ്പിക്കാൻ ഡിജിപി തയാറാകണം.
സർക്കാർ നിർദ്ദേശിക്കുന്ന ഏത് വഴിവിട്ട കാര്യങ്ങളും ചെയ്യാൻ തയാറാകുന്ന ഡിജിപിയാണ് കേരളത്തിലേത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയും കൊള്ളയും നടത്തിയ ഡിജിപിയാണ് നിലവിലുള്ളത്. അക്കൗണ്ടൻ്റ് ജനറലിൻ്റെ റിപ്പോർട്ടിൽ ഡിജിപിയുടെ അഴിമതികൾ വ്യക്തമായി പറയുന്നതുകൊണ്ടാണ് സർക്കാർ ആ റിപ്പോർട്ട് കോൾഡ് സ്റ്റോറേജിൽ വച്ചിട്ടുള്ളത്.
യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ ബെഹ്റയുടെ എല്ലാ കള്ളത്തരങ്ങളും അഴിമതിയും അന്വേഷിക്കാൻ കമ്മീഷനെ നിയോഗിക്കും. പലതരം പർച്ചേസിലൂടെ കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തുന്ന ഡിജിപിയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. അതിനു പ്രത്യുപകരമായിട്ടാണ് പി.ടി.തോമസ്, കെ.എം.ഷാജി തുടങ്ങിയ എംഎൽഎമാർക്കും മറ്റു നിരവധി നേതാക്കൾക്കുമെതിരെ കേസെടുക്കാൻ കാരണം.
വി.ഡി.സതീശൻ എംഎൽഎയ്ക്കെതിരേയും കേസുമായി വരാൻ ഇതാണ് കാരണം. കള്ളക്കേസുകൾ എടുത്ത് എൽഡിഎഫ് സർക്കാറിനെതിരേയുള്ള യുഡിഎഫിൻറെ പോരാട്ടം പിന്നോട്ടു കൊണ്ടുപോകാം എന്നുള്ളത് വ്യാമോഹമാണ്. സർക്കാരിന് വേണ്ടി എന്ത് അഴിമതിയും നടത്തുന്ന ഡിജിപിയെ നിയമപരമായി നേരിടുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.