ന്യൂഡെൽഹി: കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽ നാഥിൻ്റെ താര പ്രചാരക പദവി (സ്റ്റാർ കാമ്പയിനർ) എടുത്തുകളഞ്ഞ തെരഞ്ഞെടുപ്പ് കമീഷൻ നടപടി സുപ്രീംകോടതി റദ്ദാക്കി.കമൽനാഥിൻ്റെ പദവി വിലക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കഴിയില്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. തുടർച്ചയായി പെരുമാറ്റചട്ടം ലംഘിച്ചതു ചൂണ്ടിക്കാട്ടിയാണ് താര പ്രചാരക പദവി (സ്റ്റാർ കാമ്പയിനർ) തെരഞ്ഞെടുപ്പ് കമീഷൻ റദ്ദാക്കിയത്.
നാളെ നടക്കുന്ന ഉപതെരഞ്ഞെടുപ്പിെൻ്റെ പ്രചാരണത്തിനിടെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ മാഫിയ എന്ന് ആക്ഷേപിച്ചതിെൻറ പേരിൽ കമൽ നാഥിന് കമീഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നീട് സംസ്ഥാന മന്ത്രിയും ബിജെപി സ്ഥാനാർഥിയുമായ ഇമർത്തി ദേവിയെ ‘ഐറ്റം’ എന്ന് അപഹസിച്ചതോടെയാണ് കമ്മീഷൻ പദവി നീക്കം ചെയ്തത്.
താരപ്രചാരകരായ നേതാക്കളുടെ പ്രചാരണ-യാത്രാ ചെലവുകളെല്ലാം പാർട്ടിയാണ് വഹിക്കുക. എന്നാൽ, പദവി നീക്കിയതോടെ കമൽനാഥ് നടത്തുന്ന യാത്രകളുടെയും സംഘടിപ്പിക്കുന്ന യോഗങ്ങളുടെയും ചെലവുകളെല്ലാം സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ചെലവിൽ വകയിരുത്തുമായിരുന്നു. ഇതിനെതിരെയാണ് കമൽനാഥ് സുപ്രീം കോടതിയെ സമീപിച്ചത്.