ബിനീഷ് കോടിയേരി അനൂപിന് കൈമാറിയത് അഞ്ച് കോടിയിലധികം രൂപ

ബംഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരേ ഗുരുതരമായ വിവരങ്ങളുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇഡി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണിത്. തിങ്കളാഴ്ച ബിനീഷിന്റെ കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് കൂടി കോടതി നീട്ടി നല്‍കിയിരുന്നു. ബിനീഷ് ലഹരിമരുന്ന് കച്ചവടം നടത്തിയെന്ന് മൊഴികളുണ്ട്. ബിനീഷിന്റെ ഉടമസ്ഥതയിലുള്ള കമ്പിനികളുടെ ആദായ നികുതി രേഖകളില്‍ പൊരുത്തക്കേടുണ്ട്.

ബിനീഷിന്റെ കമ്പനികളെക്കുറിച്ച്‌ വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2012 മുതല്‍ 2019 വരെ വിവിധ അക്കൗണ്ടുകളിലൂടെ ബിനീഷ് അനൂപിന് കൈമാറിയത് അഞ്ച് കോടിയിലധികം രൂപയാണെന്ന് ഇഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മയക്കുമരുന്ന് ഇടപാടുകളിലൂടെയാണ് ഈ തുക സമാഹരിച്ചത്.

ദുബായില്‍ ബിനീഷ് പ്രതിയായ ബാങ്ക് തട്ടിപ്പ് കേസിനെ കുറിച്ചും അന്വേഷിക്കണം. സ്വര്‍ണക്കടത്ത് കേസില്‍ പ്രതി ചേര്‍ത്ത അബ്ദുല്‍ ലത്തീഫ് ബിനീഷിന്റെ ബിനാമിയാണ്. ഇത്തരത്തില്‍ നിരവധി ആളുകളെ ബിനാമിയാക്കി ധാരാളം സ്വത്തുക്കള്‍ ബിനീഷ് മറച്ചുവെച്ചിട്ടുണ്ടെന്നും ഇഡി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.