ന്യൂഡെൽഹി: ലൈംഗിക പീഡനക്കേസുകളിൽ ശിക്ഷിക്കപ്പെടുന്ന തൊഴിലാളികൾക്ക് ഇനി മുതൽ ബോണസ് ലഭിക്കില്ല. മോഷണം, ക്രമക്കേട്, അക്രമപ്രവർത്തനങ്ങൾ, അട്ടിമറി തുടങ്ങിയവ ചെയ്യുന്ന തൊഴിലാളികൾക്കു മാത്രമാണ് നേരത്തേ ബോണസ് നിയമപ്രകാരം ബോണസ് നിഷേധിച്ചിരുന്നത്. ആ കൂട്ടത്തിൽ ലൈംഗികപീഡനങ്ങൾ കൂടി ഉൾപ്പെടുത്തും.
പാർലമെന്റ് കഴിഞ്ഞവർഷം പാസാക്കിയ വേജസ് കോഡിന്റെ ചട്ടത്തിലാണ് ഇക്കാര്യം ഉൾപ്പെടുത്തുന്നത്. സാമ്പത്തികാനുകൂല്യം നിഷേധിക്കപ്പെടുമെന്ന തോന്നലുണ്ടായാൽ തൊഴിലിടങ്ങളിൽ ഇത്തരം കുറ്റങ്ങൾ ഇല്ലാതാവുമെന്നാണ് കണക്കുകൂട്ടൽ. വേജസ് കോഡിന്റെ ചട്ടമുണ്ടാക്കൽ അവസാനഘട്ടത്തിലാണ്.
ഇക്കഴിഞ്ഞ സമ്മേളനത്തിൽ പാസാക്കിയ മറ്റു മൂന്നു തൊഴിൽപരിഷ്കരണനിയമങ്ങൾക്ക് ചട്ടം തയ്യാറാക്കുന്ന ജോലിയും ആരംഭിച്ചിട്ടുണ്ട്. എല്ലാ തൊഴിൽനിയമങ്ങളും ഒരേസമയം പ്രാബല്യത്തിൽ വരുത്താനാണ് ആലോചന.