തമിഴ്നാട്ടിൽ സിനിമാ തീയറ്ററുകള്‍ 10 ന് തുറക്കും

ചെന്നൈ: കൊറോണ വ്യാപനത്തിന് നേരിയ കുറവുണ്ടായതിന് പിന്നാലെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തീയറ്ററുകള്‍ തുറക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍. ഈ മാസം പത്തു മുതലാണ് തീയറ്ററുകള്‍ തുറക്കാൻ നിയന്ത്രണങ്ങളോടെ അനുമതി നല്‍കുന്നത്.

മള്‍ട്ടിപ്ലെക്സുകളും ഷോപ്പിംഗ് മാളുകളില്‍ പ്രവര്‍ത്തിക്കുന്ന അടക്കമുള്ള തീയറ്ററുകളും പത്തു മുതല്‍ തുറക്കാം. 50 ശതമാനം സീറ്റുകളിലേക്ക് മാത്രമാണ് ടിക്കറ്റുകള്‍ നല്‍കാനാവുക.’അണ്‍ലോക്ക് 5.0’യുടെ ഭാഗമായി ഒക്ടോബര്‍ 15 മുതല്‍ നിബന്ധനകളോടെ സിനിമാതീയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ തമിഴ്നാട്, കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ അതിനു തയാറായിരുന്നില്ല.

തീയറ്ററുകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ തീയറ്റര്‍ ഉടമകള്‍ നേരത്തെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. തീയറ്ററുകള്‍ക്ക് പുറമെ പാര്‍ക്കുകള്‍, ഓഡിറ്റോറിയം, മ്യൂസിയം തുടങ്ങിയവയും പത്തിന് തുറക്കാം. 9, 10, 11, 12 ക്ലാസുകളും കോളെജുകളും ഗവേഷണ സ്ഥാപനങ്ങളും ഈ മാസം 16 മുതല്‍ പ്രവര്‍ത്തിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. കൂടുതല്‍ ഇളവുകള്‍ അനുവദിച്ചുകൊണ്ട് ലോക്ക് ഡൗണ്‍ ഈ മാസം 30 വരെ നീട്ടിയിരിക്കുകയാണ് തമിഴ്നാട് സര്‍ക്കാര്‍.