തിരുവനന്തപുരം : സർക്കാരിൻ്റെ മെഗാപദ്ധതികളായി അവതരിപ്പിച്ച സ്വപ്നപദ്ധതികളെല്ലാം വൻ വിവാദത്തിൽ. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന് പങ്കാളിത്തമുണ്ടായിരുന്ന ഈ പദ്ധതികളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കേ ശിവശങ്കര്‍ മുന്‍കൈ എടുത്ത നാല് വന്‍ പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കണമന്ന് എന്‍ഫോഴ്‌സ്‌മെന്റ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കഴിഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി കഴിഞ്ഞു. ധാരണാ പത്രം, പങ്കാളികള്‍, ഏറ്റെടുത്ത ഭൂമി, ഭൂമിക്ക് നല്‍കിയ വില തുടങ്ങിയവ വിശദമാക്കണം എന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാവപ്പെട്ടവർക്ക് സൗജന്യമായി ഇന്റർനെറ്റ് ലഭ്യമാക്കുന്ന കെ ഫോൺ പദ്ധതി, ഇ മൊബിലിറ്റി, സ്മാർട്ട് സിറ്റി, ടെക്നോപാർക്ക് വികസനത്തിന്റെ ഭാഗമായ ടോറസ് കമ്പനിയുടെ ടെക്നോപാർക്ക് ഡൗൺ ടൗൺ പദ്ധതി, എന്നിവയെ കുറിച്ചാണ് ഇ ഡി അന്വേഷിക്കുക.
പദ്ധതികളിൽ ശിവശങ്കറിന് വൻ തുക കമ്മിഷൻ കിട്ടിയിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. സ്വപ്ന സുരേഷിന്റെയും ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും മൊഴിയിൽ നിന്നാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. എം. ശിവശങ്കറിന് പുറമേ മറ്റ് ചില ഐഎഎസ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നുണ്ടെന്നാണ് വിവരം.
പദ്ധതികളുടെ മറവില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതികള്‍ നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഈപദ്ധതികളുടെയെല്ലാം മറവില്‍ ശിവശങ്കറുമായി ബന്ധപ്പെട്ട ചിലര്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടം നടത്തിയതായി എന്‍ഫോഴ്‌സ്‌മെന്റിന് വിവരം ലഭിച്ചതായും സൂചനയുണ്ട്.
ഐ ടി പാർക്കുകൾക്കായി സർക്കാർ ഏറ്റെടുത്ത ഭൂമി റിയൽ എസ്റ്റേറ്റ് മാഫിയ കൈക്കലാക്കുകയാണെന്നും ഇതിന് പിന്നിൽ സർക്കാർ ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും ആണ് എൻഫോഴ്സ്മെന്റ് വിലയിരുത്തൽ. ഡൗൺ ടൗൺ പദ്ധതിക്ക് ഏറ്റെടുത്ത ഭൂമിയിലെ തണ്ണീർത്തടം മണ്ണിട്ട് നികത്തുമ്പോൾ ജല സംരക്ഷണത്തിന് ആയുള്ള നടപടി വേണമെന്ന ചട്ടം ടോറസ് കമ്പനി പാലിച്ചില്ലെന്നും ഇ ഡി പറയുന്നു.
2012 ഇൽ എമർജിംഗ് കേരളയിലാണ് ഡൗൺടൗൺ പദ്ധതി അവതരിപ്പിച്ചത്. സംസ്ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ശക്തവും കാര്യക്ഷമവും ആക്കുന്നതിന് സംസ്ഥാന സർക്കാറും ക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കെ ഫോൺ. 1028 കോടിക്ക് ടെൻഡർ വിളിച്ച കെ ഫോൺ പദ്ധതി 1531 കോടിക്ക് കരാർ നൽകിയത് ഐടി സെക്രട്ടറി എന്ന നിലയിൽ ശിവശങ്കർ ഇടപെട്ട് ആണെന്ന് രേഖകൾ സൂചിപ്പിക്കുന്നു. ഇത് കൂടാതെ മന്ത്രി സഭാ തീരുമാനത്തിന് കാത്തു നിൽക്കാതെ കരാർ നടപടികളുമായി മുന്നോട്ട് പോവാൻ കെഎസ്ഐടി എല്ലിന് ശിവശങ്കർ നിർദേശം നൽകിയതിന്റെ രേഖകളും ലഭിച്ചിട്ടുണ്ട്.
അതേസമയം ശിവശങ്കറിന്റെ സ്വത്ത് വിവരങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിച്ചു തുടങ്ങി. ശിവശങ്കറിന്റെ സ്വത്തുക്കള്‍, ബാങ്ക് നിക്ഷേപങ്ങള്‍ എന്നിവ സംബന്ധിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഇപ്പോള്‍ പരിശോധന ആരംഭിച്ചിരിക്കുന്നത്. സ്വന്തം പേരില്‍ ലോക്കര്‍ ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് സഹായം ചെയ്തതിലൂടെ ശിവശങ്കര്‍ സമ്ബത്തിക നേട്ടം ഉണ്ടാക്കിയോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന.