കാറുകളും വാഹനങ്ങളും ഉപേക്ഷിച്ച്‌ സൈക്കിളുകള്‍ ഉപയോഗിക്കേണ്ട സമയമായി: സുപ്രീംകോടതി

ന്യൂഡെല്‍ഹി: രാജ്യതലസ്‌ഥാനത്ത്‌ അന്തരീക്ഷ മലിനീകരണത്തിനെതിരേ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. കാറുകളും മറ്റു മോട്ടോര്‍ വാഹനങ്ങളും ഉപേക്ഷിച്ച്‌ സൈക്കിളുകള്‍ ഉപയോഗിക്കേണ്ട സമയമായെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. തലസ്‌ഥാനത്ത്‌ അന്തരീക്ഷ മലിനീകരണം അത്രയ്‌ക്കു രൂക്ഷമാണെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം.

നമുക്കു കാറുകള്‍ ഉപയോഗിക്കുന്നത്‌ അവസാനിപ്പിക്കാനാകില്ലേ? നമുക്കു സൈക്കിളുകള്‍ ഉപയോഗിക്കാം- കോടതി നിരീക്ഷിച്ചു. അയല്‍സംസ്‌ഥാനങ്ങളിലെ വയലുകളില്‍ വിളവെടുപ്പിനു ശേഷം അവശിഷ്‌ടങ്ങള്‍ക്കു തീയിടുന്നതു മാത്രമല്ല ഡെല്‍ഹിയിലെ വായു മലിനീകരണത്തിനു കാരണമെന്നു വിദഗ്‌ധര്‍ പറയുന്നു.

വായുമലിനീകരണം കുറയ്‌ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന്‌ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ആരും മലിനീകരണം നിമിത്തം രോഗികളാകരുതെന്നും അങ്ങനെ വന്നാല്‍ ഉത്തരവാദിത്തപ്പെട്ടവരേക്കൊണ്ട്‌ മറുപടി പറയിക്കുമെന്നും കോടതി പ്രതികരിച്ചു.