കൊച്ചി: വിപണിയില്‍ സവാളയുടെ വില കുതിക്കുന്നതിനിടെ 22 ലക്ഷം രൂപയുടെ സവാള ലോഡുമായി പുറപ്പെട്ട ലോറി കാണാനില്ലെന്ന പരാതിയുമായി വ്യാപാരി. എറണാകുളം മാര്‍ക്കറ്റിലെ എഎച്ച്എസ് വെജിറ്റബിള്‍സ് ഉടമ അലി മുഹമ്മദ് സിയാദാണ് പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്.
22 ലക്ഷത്തോളം രൂപ വിലവരുന്ന ലോഡ് മറിച്ച് വില്പന നടത്തി ഫോണെടുക്കാതെ ഡ്രൈവര്‍ മുങ്ങിയതാണെന്നാണ് സംശയമെന്നും ഇതുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അലി മുഹമ്മദ് സിയാദ് പറഞ്ഞു.
25ന് അഹമ്മദ് നഗര്‍ ജില്ലയിലെ മഹാരാഷ്ട്ര കൃഷി ഉത്പ്പന്ന സമിതിയുടെ മൊത്ത വിതരണ ചന്തയില്‍ നിന്നു കയറ്റിവിട്ട 25 ടണ്‍ സവാള അടങ്ങുന്ന ലോറിയാണ് ആറു ദിവസം പിന്നിട്ടിട്ടും കൊച്ചിയിലെത്താത്തത്. കുറഞ്ഞത് നാല് ദിവസത്തിനുള്ളില്‍ ലോഡുമായി വാഹനം കൊച്ചിയിലെത്തേണ്ടതാണ്.
എന്നാല്‍ അത് കഴിഞ്ഞിട്ടും എത്താതായതോടെയാണ് വ്യാപാരി പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. കെഎല്‍. 02.എ.എസ്. 6300 എന്ന രജിസ്ട്രേഷന് നമ്പറിലുള്ള ലോറിയുടെ ഡ്രൈവറെ നിരന്തരമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ബെല്ലടിക്കുന്നതല്ലാതെ ഫോണ്‍ എടുക്കുന്നില്ലെന്നും പരാതിക്കാരന് പറഞ്ഞു.
തുടര്‍ന്ന് അഹമ്മദ് നഗറിലെ ട്രാന്‍സ്പോര്‍ട്ട് കമ്പനിയുമായി ബന്ധപ്പെട്ടു. എന്നാല്‍ അവിടെ നിന്നു ലോഡ് കൃത്യമായി കയറ്റിവിട്ടിട്ടുണ്ടെന്നാണ് ലഭിച്ച മറുപടി. അവരുടെ ഓഫീസിന് മുന്നില്‍ ലോഡിന് വേണ്ടി കാത്ത് നില്ക്കുന്ന ലോറിയുടെയും ഡ്രൈവറുടെയും സിസിടിവി ദൃശ്യങ്ങള്‍ പരാതിക്കാരനായ വ്യാപാരിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.
ലോറി ഉടമയായ കളമശേരി സ്വദേശിയെ ബന്ധപ്പെട്ടപ്പോള്‍ സവാള ലോഡ് എടുക്കാനല്ല തന്റെ ലോറി പോയിരിക്കുന്നതെന്ന മറുപടിയാണ് ലഭിച്ചതെന്നും സിയാദ് വ്യക്തമാക്കി. ഡ്രൈവര്‍ ആലുവ സ്വദേശിയാണെന്നാണ് വിവരമെന്നും സിയാദ് പറഞ്ഞു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.