കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് എന്നിവരെ ശിവശങ്കറിനൊപ്പമിരുത്തി ചോദ്യം ചെയ്യാൻ എന്റഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മൂന്നു പ്രതികളേയും ജുഡീഷ്യൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇഡി അപേക്ഷ സമർപ്പിച്ചു. തിങ്കളാഴ്ച കോടതി അപേക്ഷ പരിഗണിക്കും. ലൈഫ് മിഷൻ സിഇഒ യു.വി.ജോസിനേയും ഇഡി ചോദ്യം ചെയ്തേക്കുമെന്ന് സൂചനയുണ്ട്.
കളളപ്പണ ഇടപാടിൽ ശിവശങ്കറിന് പങ്കുണ്ട് എന്ന നിഗമനത്തിലാണ് ഇഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ചോദ്യംചെയ്യലിനോട് ശിവശങ്കർ സഹകരിച്ചിരുന്നില്ല. സ്വപ്നയുടെ ലോക്കറിൽ സൂക്ഷിച്ച പണത്തിൽ ശിവശങ്കറിന്റെ പണമുണ്ടോ, പണം തന്റേതുകൂടിയാണെന്നതിന്റെ അടിസ്ഥാനത്തിലാണോ ഇക്കാര്യങ്ങളിൽ ശിവശങ്കർ താലപര്യം പ്രകടിപ്പിച്ചത് എന്നാണ് ഇഡി അന്വേഷിക്കുന്നത്.
ശിവശങ്കറിനെയും സ്വപ്നയെയും പ്രത്യേകം പ്രത്യേകം ചോദ്യം ചെയ്തതിൽ നിന്ന് ഈ പണത്തിൽ ശിവശങ്കറിന് ഉടമസ്ഥതയില്ലെന്നാണ് ഇതുവരെ മനസ്സിലാക്കാനായിട്ടുളളത്. എന്നാൽ പണവുമായി ബന്ധപ്പെട്ട ഓരോഘട്ടത്തിലും ശിവശങ്കറിന്റെ ഇടപെടലുണ്ടായിട്ടുണ്ട്. ബാഗേജ് കസ്റ്റംസ് പിടിച്ചതിന് ശേഷം ലോക്കറിന്റെ കാര്യത്തിൽ ശിവശങ്കർ ആശങ്കപ്പെട്ടതും ഇഡി ശേഖരിച്ച വാട്സാപ്പ് ചാറ്റിൽ കണ്ടെത്തിയിട്ടുണ്ട്. അതിനാലാണ് ശിവശങ്കറിന്റെ പങ്ക് ഇഡി സംശയിക്കുന്നത്.