ഭീകരാക്രമണത്തെ അപലപിച്ച മക്രോണിന്റെ ചിത്രം റോഡില്‍ പതിച്ച് മുംബൈയില്‍ ഒരു വിഭാഗത്തിൻ്റെ പ്രതിഷേധം

മുംബൈ: ഫ്രാൻസിലെ ഭീകരാക്രമണത്തെ അപലപിച്ച പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ ചിത്രം റോഡില്‍ പതിച്ച് മുംബൈയില്‍ ഒരു വിഭാഗത്തിൻ്റെ അഴിഞ്ഞാട്ടവും പ്രതിഷേധവും. ഇതിനെതിരേ ബിജെപി അടക്കം പ്രതിപക്ഷം രംഗത്തെത്തിയതോടെ പൊലീസ് എത്തി മക്രോണിന്റെ പോസ്റ്ററുകള്‍ റോഡിൽ നിന്ന് മാറ്റി. എന്നാൽ സംഭവത്തിൽ ഇതുവരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

മുംബൈയിലെ മുഹമ്മദ് അലി റോഡിലാണ് ഇമ്മാനുവല്‍ മക്രോണിന്റെ ചിത്രങ്ങള്‍ പ്രതിധേക്കാർ പതിച്ചത്. കുറെ നേരം നിരവധി പേർ ഈ ചിത്രങ്ങള്‍ ചവിട്ടി റോഡിലൂടെ നീങ്ങി. വാഹനങ്ങളും ഇതുവഴി ഏറെ നേരം കടന്നുപോയി. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ചിലർ പങ്കുവച്ചു. ഇതിനു പിന്നാലെയാണ് പോലീസ് ഇവ നീക്കം ചെയ്തത്.

പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ചതിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ അരങ്ങേറിയ ഭീകരാക്രമണങ്ങളില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോൺ ശക്തമായി പ്രതികരിച്ചിരുന്നു. മക്രോണിൻ്റെ പ്രതികരണത്തിൽ പ്രതിഷേധിച്ചതിനാണ് ഒരു വിഭാഗം ചിത്രം റോഡില്‍ പതിച്ച് രംഗത്തിറങ്ങിയത്.

മറ്റൊരു രാഷ്ട്രത്തലവനെ അധിക്ഷേപിച്ച സംഭവത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ പ്രതിപക്ഷം രംഗത്തെത്തി. ശിവസേന ഇസ്ലാം ഭീകരതയെ പിന്തുണയ്ക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ”ഫ്രാന്‍സ് ഇസ്ലാമിക് ഭീകരാക്രണത്തിനെതിരെ സംസാരിക്കുമ്പോള്‍ ഇവിടെ സര്‍ക്കാര്‍ ഇസ്ലാമിക് ഭീകരാക്രണത്തിന് പിന്നില്‍ നില്‍ക്കുന്നു”വെന്ന് ബിജെപി നേതാവ് തിര്‍തി സൊമയ്യ മാധ്യമങ്ങളോട് പറഞ്ഞു.