ജയ്പൂർ: വിവാദമായ കേന്ദ്രസർക്കാരിൻ്റെ കാർഷിക നിയമങ്ങൾക്കെതിരെ കോൺഗ്രസ് വീണ്ടും രംഗത്ത്. കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം കൊണ്ടു വരാനൊരുങ്ങുകയാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട് സർക്കാർ. ഇന്ന് തുടങ്ങുന്ന 15ാം നിയമസഭയുടെ അഞ്ചാം സെഷനിൽ പ്രമേയം അവതരിപ്പിക്കുമെന്നാണ് സൂചന.
നിയമത്തിനെതിരെ പ്രമേയമോ ബില്ലോ രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട് സർക്കാർ അവതരിപ്പിക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. താങ്ങുവിലക്ക് താഴെ കർഷകരിൽ നിന്ന് കാർഷിക ഉൽപന്നങ്ങൾ വാങ്ങിയാൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ നൽകാനുള്ള നിയമം രാജസ്ഥാൻ സർക്കാർ കൊണ്ടു വരുമെന്നുമെന്നാണ് സൂചന.
അതേസമയം, രാജസ്ഥാൻ സർക്കാർ പ്രമേയം അവതരിപ്പിക്കുന്നതിനെ എതിർത്ത് ബിജെപി രംഗത്തെത്തി. കേന്ദ്രസർക്കാരിൻ്റെ നിയമത്തിനെതിരെ രാജസ്ഥാൻ സർക്കാർ കൊണ്ടുവരുന്ന പ്രമേയത്തിന് നിയമപരമായി സാധുതയുണ്ടാവില്ലെന്നാണ് ബിജെപി വാദം. രാജ്യത്തെ ഫെഡറൽ സംവിധാനത്തിന് എതിരാണ് കോൺഗ്രസ് സർക്കാരിൻ്റെ നടപടിയെന്നും ബിജെപി വിമർശിക്കുന്നു. കാർഷിക നിയമങ്ങൾ പാർലമെൻറിൽ പാസാക്കിയപ്പോൾ അതിനെ നിശിതമായി വിമർശിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്തെത്തിയിരുന്നു.