കണ്ണൂർ : ‘അയ്യപ്പനും കോശിയും’ സിനിമ സ്റ്റൈലില്‍ പുളിങ്ങോം ഊമലയില്‍ എക്സ്കവേറ്റര്‍ ഉപയോഗിച്ചു പലചരക്കുകട ഇടിച്ചുനിരത്തിയ സംഭവത്തില്‍ രണ്ടുപേരെ കൂടി ചെറുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം അറസ്റ്റിലായ പ്ലാക്കുഴിയില്‍ ആല്‍ബിൻ്റെ കൂട്ടാളികളും ഊമല സ്വദേശികളുമായ പനച്ചിക്കുഴിയില്‍ കുരുവിള (19), തൈക്കൂട്ടത്തില്‍ സെബാസ്റ്റ്യന്‍ (23) എന്നിവരാണ് അറസ്റ്റിലായത്.
സംഭവം നടന്നതി ൻ്റെ തൊട്ടടുത്ത ദിവസം കട തകര്‍ക്കുന്നതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ താവളമായ കെട്ടിടമാണ് താന്‍ പൊളിക്കുന്നതെന്നാണ് കണ്ണൂര്‍ ചെറുപുഴ കൂമ്ബന്‍കുന്നിലെ പ്ലാക്കുഴിയില്‍ ആല്‍ബിന്‍ (31) വിഡിയോയിലൂടെ വ്യക്തമാക്കുന്നത്. ഈ ദൃശ്യങ്ങളില്‍നിന്നാണ് സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചത്.
അറസ്റ്റിലായ ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. നാടിന് ബാധ്യതയായ കെട്ടിടം ഞാന്‍ ഇടിച്ചുനിരത്തുന്നു എന്ന് പറഞ്ഞ ശേഷമാണ് കെട്ടിടം ജെ.സി.ബി ഉപയോഗിച്ച് നിരപ്പാക്കിയത്. അയ്യപ്പനും കോശിയും എന്ന സിനിമയില്‍ ഇതിന് സമാന രംഗമുണ്ട്.
‘കഴിഞ്ഞ 30 വര്‍ഷമായി ഈ കെട്ടിടം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ താവളമാണ്. മദ്യപാനവും ലഹരി ഉപയോഗവും ഇവിടെ പതിവാണ്. മൂന്നുകൊലക്കേസ്, കഴിഞ്ഞ മാസം രണ്ട് പോക്സോ കേസ് എന്നിങ്ങനെ ഈ കടയുടമയുടെ പേരില്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. ഇതുവരെ പൊലീസ് നടപടിയില്ല. അതുകൊണ്ട് ഈ സ്ഥാപനം ഞാന്‍ പൊളിച്ചു കളയുന്നു’ എന്നാണ് ആല്‍ബിന്‍ പറയുന്നത്.
ഇയാളുടെ അയല്‍വാസികൂടിയായ പുളിയാര്‍മറ്റത്തില്‍ സോജിയുടെതാണ് പലചരക്ക് കടയും ചായക്കടയും പ്രവര്‍ത്തിക്കുന്ന കെട്ടിടം. കട തുറന്ന സോജി രാവിലെ 9 മണിയോടെ കടയടച്ചു വീട്ടിലേക്ക് പോയ സമയത്താണു സംഭവം. തനിക്കു വരുന്ന വിവാഹാലോചനകള്‍ മുടക്കിയ വൈരാഗ്യമാണു കട തകര്‍ക്കാന്‍ കാരണമെന്നു ആല്‍ബിന്‍ പൊലീസിനോട് പറഞ്ഞു.
സംഭവത്തിന് ശേഷം ചെറുപുഴ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ ഇയാളെ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന്14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എന്നാല്‍, ആല്‍ബിൻ്റെ ആരോപണം വാസ്തവ വിരുദ്ധമാണെന്നു സോജി പറഞ്ഞു.