ന്യൂഡെല്‍ഹി: പുല്‍വാമ ആക്രമണത്തിന്റെ പങ്ക് സമ്മതിച്ച് പാക് മന്ത്രി പ്രസ്താവന നടത്തിയതിന് പിന്നാലെ കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി. 2019 ഫെബ്രുവരിയില്‍ ജമ്മുകാഷ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജീവാന്‍മാരാണ് മരിച്ചത്.
പുല്‍വാമ ഭീകരാക്രമണം ഗൂഡാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യത്തോട് മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേഡ്ക്കര് പറഞ്ഞു. കഴിഞ്ഞദിവസമാണ് പുല്‍വാമ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് സമ്മതിച്ച ശാസ്ത്രസാങ്കേതിക വകുപ്പുമന്ത്രി ഫവദ് ചൗധരിയുടെ പ്രസംഗം പുറത്തുവന്നത്.
പുല്‍വാമയിലെ നമ്മുടെ വിജയം ഇമ്രാന് ഖാന്റെ നേതൃത്വത്തിന്റെ വിജയമാണ്. നമ്മളെല്ലാവരും അതിന്റെ ഭാഗമാണെന്ന് ദേശീയ അസംബ്ലിയില്‍ സംവാദത്തിനിടെ ചൗധരി പറഞ്ഞു. എന്നാല്‍ ഇത് പിന്നീട് അദ്ദേഹം മാറ്റിപ്പറഞ്ഞു. പുല്‍വാമ ആക്രമണത്തിന് ശേഷമുള്ള നടപടിയെ ആണ് താന്‍ ഉദ്ദേശിച്ചത് എന്നായിരുന്നു ചൗധരിയുടെ ന്യായീകരണം.