മോസ്കോ: റഷ്യയുടെ കൊറോണ വാക്സിനായ സ്പുട്നികിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ സ്റ്റോക്ക് ഇല്ലാത്തതിനാൽ താൽക്കാലികമായി നിർത്തിവെച്ചു. മോസ്കോയിലെ പല കേന്ദ്രങ്ങളിലും വാക്സിൻ സ്റ്റോക്ക് ഇല്ലാത്തതിനാലാണ് ക്ലിനിക്കൽ പരീക്ഷണങ്ങൾ നിർത്തിവെച്ചത്.
ഉയർന്ന ആവശ്യകതയും ഡോസുകളുടെ കുറവും മൂലം മോസ്കോയിലെ പല കേന്ദ്രങ്ങളിലും കൊറോണ വാക്സിൻ പരീക്ഷണം റഷ്യ താൽക്കാലികമായി നിർത്തിയതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വാക്സിൻ പരീക്ഷണം നടക്കുന്ന മോസ്കോയിലെ 25 ക്ലിനിക്കുകളിൽ എട്ടിലും പരീക്ഷണങ്ങൾ നിർത്തിവച്ചിരിക്കുകയാണെന്ന് ജീവനക്കാരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
പലരും അവരുടെ ക്ലിനിക്കുകൾക്ക് അനുവദിച്ച വാക്സിൻ ഡോസുകൾ ഉപയോഗിച്ചു കഴിഞ്ഞതായാണ് വിവരം. നേരത്തെ ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെ നിർദേശ പ്രകാരം സ്പുട്നിക് വിയുടെ ഇന്ത്യയിലെ പരീക്ഷണങ്ങൾ റെഡ്ഡീസ് ലബോറട്ടറീസ് നിർത്തിവെച്ചിരുന്നു. റെഡ്ഡീസ് ലബോറട്ടറീസാണ് വാക്സിന്റെ ഇന്ത്യയിലെ പരീക്ഷണങ്ങൾ നടത്തുന്നത്.
ഇതിനിടയിൽ കൊറോണ വൈറസ് പ്രതിസന്ധിയെ നേരിടാൻ എല്ലാ മനുഷ്യരെയും സഹായിക്കുന്നതിന് ഇന്ത്യയുടെ വാക്സിൻ ഉൽപാദനവും വിതരണ ശേഷിയും ഉപയോഗപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. അയൽരാജ്യങ്ങൾക്കായി ഇന്ത്യ രണ്ട് പരിശീലന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.