പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പിലെ അഞ്ച് പ്രതികളെയും കോന്നി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു കേസിൽ കൂടി അറസ്റ്റ് രേഖപ്പെടുത്തി. അതേസമയം പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ അറുപത് ദിവസമായിട്ടും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചില്ല. ഇതിനിടെ ജാമ്യാപേക്ഷയുമായി വിചാരണ കോടതിയെ സമീപിക്കാൻ ഹൈക്കോടതി പ്രതികളോട് നിർദേശിച്ചു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്.
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി റോയി ഡാനിയേൽ രണ്ടാം പ്രതി പ്രഭ തോമസ് മൂന്നും നാലും പ്രതികളായ റിനു റേബ എന്നിവരാണ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. പ്രതികളിൽ രണ്ട് പേർ ഓഗസ്റ്റ് 28നും രണ്ട് പേർ ഓഗസ്റ്റ് 29 നുമാണ് അറസ്റ്റിലായത്. അറസ്റ്റിലായി അറുപത് ദിവസം കഴിഞ്ഞതിനാൽ സ്ഥിരം ജാമ്യം വേണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.
അറുപത് ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാത്ത സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യത്തിന് അർഹത ഉണ്ടെന് പ്രതികളുടെ അഭിഭാഷകൻ വാദിച്ചു. സർക്കാർ അഭിഭാഷകനോട് കുറ്റപത്രം സമർപ്പിച്ചില്ലേ എന്ന ചോദ്യത്തിന് അഭിഭാഷകന് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല.
ഈ സാഹചര്യത്തിലാണ് പ്രതികൾ കീഴ്ക്കോടതിയെ ജാമ്യത്തിനായി സമീപിക്കാമെന്ന് ഹൈക്കോടതി പറഞ്ഞത്. ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രതികൾ ഹൈക്കോടതിയിൽ നൽകിയ ജാമ്യപേക്ഷ പിൻവലിക്കുകയും കീഴ്ക്കോടതിയെ സമീപിക്കാൻ തയ്യാറെണെന്നും അറിയിച്ചു.