ഉത്തരം പറയാതെ ശിവശങ്കർ; അന്വേഷണവും ചോദ്യം ചെയ്യലും വിദേശത്തെ ബിനാമി നിക്ഷേപം കേന്ദ്രീകരിച്ച്

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു. ശിവശങ്കറിന് വിദേശത്ത് ബിനാമി നിക്ഷേപമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇഡി അന്വേഷണം തുടങ്ങി.

വിദേശത്തേക്ക് സ്വപ്‌ന കടത്തിയ ഡോളറിൽ ശിവശങ്കറിന്റെ ബിനാമി പങ്കുണ്ടായിരു ന്നൊ എന്നാണ് പ്രധാനമായി അന്വേഷിക്കുന്നത്.
ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ ഇക്കാര്യങ്ങളെ കുറിച്ച് ഇഡി ആരാഞ്ഞിരുന്നു. എന്നാൽ ഡോളർ കടത്തിനെ കുറിച്ച് അറിയില്ലെന്നാണ് ശിവശങ്കർ നൽകിയ മറുപടി. അതേസമയം, ചോദ്യം ചെയ്യലിനോട് ശിവശങ്കർ സഹകരിക്കുന്നില്ലെന്ന് ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു. മിക്ക ചോദ്യങ്ങൾക്കും ശിവശങ്കർ പരിമിതമായാണ് മറുപടി നൽകുന്നതെന്നും ഇഡി പറഞ്ഞു.

കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത ശിവശങ്കറിനെ ഇന്നലെയാണ് എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടത്. നാല് ദിവസത്തെ കസ്റ്റഡി കാലയളവിൽ ചില ഉപാധികളും കോടതി മുന്നോട്ടുവച്ചിരുന്നു. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ശിവശങ്കർ ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ തുടർച്ചയായി ചോദ്യം ചെയ്യരുതെന്ന നിർദേശം കോടതി നൽകിയിരുന്നു.