രാജ്യദ്രോഹി എന്നാൽ ഇന്ത്യയിൽ ഭരണകൂട വിരുദ്ധമെന്നായിക്കഴിഞ്ഞു; ഏകാധിപത്യത്തെ ഇന്ത്യ ചെറുക്കേണ്ടത്‌ അഹിംസയിലൂടെയെന്ന്‌ അമര്‍ത്യ സെന്‍

ന്യൂഡെൽഹി: ഇന്ത്യ ഏകാധിപത്യത്തിലേക്ക് വഴുതി വീണുകൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെയുള്ള ചെറുത്തുനിൽപ് അഹിംസാത്മകമാകണമെന്നും നോബൽ സമ്മാന ജേതാവ് അമർത്യ സെൻ. കഴിഞ്ഞ ദിവസം ദ ഗാർഡിയൻ പത്രത്തിലെഴുതിയ ലേഖനത്തിലാണ് ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലേക്ക് അമർത്യ സെൻ വിരൽ ചൂണ്ടിയത്. ലോകമെമ്പാടും ഏകാധിപത്യത്തിന്റെ പ്രസരണമുണ്ടായി കൊണ്ടിരിക്കുകയാണെന്നും നിർഭാഗ്യവശാൽ തന്റെ സ്വന്തം രാഷ്ട്രമായ ഇന്ത്യയും ആ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് ഭയക്കേണ്ടിയിരിക്കുന്നുവെന്നും സെൻ പറയുന്നു.

ബ്രിട്ടീഷുകാരിൽനിന്നും സ്വാതന്ത്ര്യം നേടിയ ശേഷം അടിയന്തരാവസ്ഥയിലാണ് ഇന്ത്യൻ ജനാധിപത്യം വലിയ പരീക്ഷണം നേരിടേണ്ടി വന്നതെന്നും എന്നാൽ, 1977-ലെ തിരഞ്ഞെടുപ്പിൽ ജനങ്ങൾ അത് തള്ളിക്കളഞ്ഞെന്നും സെൻ ഓർമ്മിപ്പിക്കുന്നു. പക്ഷേ, അടുത്തിടെയായി ഇന്ത്യയിൽ പൗരാവാകാശങ്ങൾ ഭീഷണി നേരിടുകയാണ്. ഹിന്ദുത്വ മുഖമുദ്രയാക്കിയ ബി.ജെ.പിയുടെ ഭരണത്തിൻ കീഴിൽ പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തകരെ വിചാരണയില്ലാതെ തടവിൽ വെയ്ക്കുന്ന പ്രവണത വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. യു.എ.പി.എ. പ്രകാരം ഭരണകൂടത്തിന് ആരെ വേണമെങ്കിലും ഭീകരരായി മുദ്ര കുത്താനും വിചാരണയില്ലാതെ തടവിൽ പാർപ്പിക്കാനുമാവും. നിരവധി മനുഷ്യാവകാശ പ്രവർത്തകർ ഇപ്പോൾ ഇങ്ങനെ ഇന്ത്യൻ ജയിലുകളിലുണ്ട്.

ലോകത്തെവിടെയും ഒരാൾ ദേശദ്രോഹിയായി ചിത്രീകരിക്കപ്പെട്ടാൽ അത് വലിയൊരു താത്വിക നിരാകരണമാണെന്നും എന്നാൽ ഇന്ത്യയിൽ ഇപ്പോൾ അതിനർത്ഥം അയാൾ ഭരണകൂടത്തിനെതിരെ നിലപാടെടുക്കുന്നുണ്ട് എന്നു മാത്രമായി ചുരുങ്ങിയിരിക്കുകയാണെന്നും സെൻ കുറ്റപ്പെടുത്തുന്നു. ദേശവിരുദ്ധം എന്നതും ഭരണകൂട വിരുദ്ധം എന്നതും തമ്മിൽ കൂട്ടിക്കുഴയ്ക്കപ്പെടുന്ന അവസ്ഥയാണ് ഇന്ത്യയിലിന്നുള്ളത്. ലോകത്ത് മനുഷ്യാവകാശങ്ങൾക്കായുള്ള പോരാട്ടത്തിന്റെ മുൻനിരയിലുള്ള സന്നദ്ധ സേവന സംഘടനയായ ആംനസ്റ്റി ഇന്റർനാഷനലിന് ഇന്ത്യ വിട്ടുപോകേണ്ടി വന്നിരിക്കുന്നു.

പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് നേർക്കുള്ള അതിക്രമങ്ങൾ വർദ്ധിക്കുമെന്നത് ഏകാധിപത്യത്തിന്റെ കൂടപ്പിറപ്പാണ്. ഇന്ത്യയിൽ ദളിതർക്കു നേരെ നടക്കുന്ന ആക്രമണങ്ങൾ ഭരണകൂടം അവഗണിക്കുകയാണ്. പൗരത്വ അവകാശങ്ങൾ ഇന്ത്യൻ ഭരണകൂടം ലംഘിക്കുകയാണെന്നും ലേഖനത്തിൽ സെൻ കുറ്റപ്പെടുത്തുന്നു.

വാസ്തവത്തിൽ ഇന്ത്യയുടെ ചരിത്രം മതസൗഹാർദ്ദത്തിന്റെ തനെന്ന് സെൻ ചൂണ്ടിക്കാട്ടുന്നു. ഹിന്ദു മതത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങളെന്ന് വിശേഷിക്കപ്പെടുന്ന ഉപനിഷത്തുകൾ മൊഴിമാറ്റം ചെയ്യുന്നതിനും അവ ഇന്ത്യയ്ക്ക് വെളിയിൽ പ്രചരിപ്പിക്കുന്നതിനും മുൻകയ്യെടുത്തത് ഷാജഹാൻ ചക്രവർത്തിയുടെ മൂത്ത മകനായ ദാര ഷിക്കൊ ആയിരുന്നു.

ഏകാധിപത്യത്തിനെതിരെയുള്ള ചെറുത്തുനിൽപിന് അഹിംസയുടെ മാർഗ്ഗം പോലെ ശക്തമായി മറ്റൊന്നില്ലെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് സെൻ ലേഖനം അവസാനിപ്പിക്കുന്നത്. യു.എ.പി.എ. പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട ജെ.എൻ.യു. സർവ്വകലാശാലയിലെ ഗവേഷകൻ ഉമർ ഖാലിദിനെ സെൻ ലേഖനത്തിൽ ഉദ്ധരിക്കുന്നു: ”അവർ നമ്മളെ ലാത്തികൊണ്ട് അടിച്ചാൽ നമ്മൾ ത്രിവർണ്ണ പതാക ഉയർത്തിപ്പിടിക്കും. അവർ വെടിവെച്ചാൽ നമ്മൾ നമ്മുടെ കൈകളിൽ ഭരണഘടന ഉയർത്തിപ്പിടിക്കും.”

ഇന്ത്യയിലെ ചെറുപ്പക്കാരായ വിദ്യാർത്ഥി നേതാക്കൾ അഹിംസയുടെ വഴിയിലൂന്നി നിന്നുകൊണ്ടായിരിക്കണം ഏകാധിപത്യ ഭരണകൂടത്തെ ചെറുക്കേണ്ടതെന്നും മാർട്ടിൻ ലൂതർ കിങ്ങിനെപ്പോലുള്ളവരുടെ വാക്കുകൾ ഇതിന് പ്രചോദനമാകണമെന്നും സെൻ പറയുന്നു.