ഫ്രാൻസിൽ വീണ്ടും ഭീകരരുടെ വിളയാട്ടം ; അല്ലാഹു അക്ബർ എന്ന് വിളിച്ചുകൊണ്ട് സ്ത്രീയെ കഴുത്തറുത്തു കൊന്നു

നീസ് : ഫ്രാന്‍സിലെ നോത്ര പള്ളിയിൽ ഭീകരാക്രമണം. ആക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടതായും മറ്റു ചിലര്‍ക്ക് പരിക്കേറ്റതായും നീസ് പോലീസ് പറഞ്ഞു. ഒരു സ്ത്രീയെ കഴുത്തറുത്തും മറ്റു രണ്ടു പേരെ കത്തിയുപയോഗിച്ച്‌ കുത്തിയുമാണ് അക്രമി കൊലപ്പെടുത്തിയത്. കൊലയാളി ‘അല്ലാഹു അക്ബര്‍ ‘ എന്ന വാചകം ആവര്‍ത്തിച്ചു ഉപയോഗിച്ചിട്ടുണ്ടെന്നും, ഭീകരാക്രമണമാണ് നടന്നതെന്നുമാണ് സംഭവത്തെ കുറിച്ച്‌ നഗരത്തിന്റെ മേയര്‍ ക്രിസ്റ്റ്യന്‍ എസ്ട്രോസി പ്രതികരിച്ചത്.

കുറ്റവാളിയെ പോലീസ് പിടികൂടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തെ സംബന്ധിച്ച്‌ വിശദമായ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചതായി ഫ്രാന്‍സിലെ ഭീകരവിരുദ്ധ പ്രോസിക്യൂട്ടേഴ്‌സ് ഡിപ്പാര്‍ട്മെന്റ് വ്യക്തമാക്കി.

ദിവസങ്ങള്‍ക്കു മുമ്പ് ഫ്രാന്‍‌സില്‍ പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ കാരിക്കേച്ചര്‍ ക്ലാസില്‍ പ്രദര്‍ശിപ്പിച്ച ചരിത്ര അധ്യാപകന്‍ സാമുവല്‍ പാറ്റിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് ഈ പുതിയ അക്രമം ഫ്രാന്‍‌സില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നീസിലുണ്ടായ ആക്രമണത്തിനു പിന്നിലെ കാരണം പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ അക്രമത്തിനു പിന്നിലുള്ള കാരണം മുഹമ്മദ്‌ നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിലുള്ള വിദ്വേഷമാണോയെന്ന് വിശദമായി അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കാര്‍ട്ടൂണ്‍ പ്രചരിച്ചതിന് ശേഷം, ഫ്രാന്‍സിനെ ലക്ഷ്യമാക്കി തുടര്‍ച്ചയായ ഭീഷണികള്‍ ലോകത്തിന്റെ പലഭാഗത്തുനിന്നും ഉയര്‍ന്നിരുന്നു.