യുവാവിനെ വെടിവെച്ചു കൊന്ന ശേഷം മരിച്ചു കിടക്കുന്ന ചിത്രമെടുത്ത് കൊലയാളി ; സിസിടിവി ദൃശ്യം പുറത്ത്

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ യുവാവിനെ വെടിവെച്ചു കൊന്ന ശേഷം മരിച്ചു കിടക്കുന്ന ചിത്രം അക്രമി പകര്‍ത്തുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്. ഡെല്‍ഹിയിലെ ദ്വാരക മേഖലയില്‍ 22ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കയ്യില്‍ ഹെല്‍മറ്റ് പിടിച്ച ഒരാളെ തൂവാല കൊണ്ടു മുഖം മറച്ച അക്രമി കുറച്ചു ദൂരം ഓടിച്ച ശേഷം തൊട്ടടുത്തു നിന്ന് തലയില്‍ വെടിവച്ചു വീഴ്‌ത്തുന്നതാണു സിസിടിവി ദൃശ്യത്തില്‍.തലയ്ക്കു വെടിയേറ്റയാള്‍ നിലത്തു കുഴഞ്ഞുവീണു.

വെടിയുതിര്‍ത്ത ശേഷം അല്‍പം മാറി നടന്ന അക്രമി തിരികെ വന്ന് മരിച്ചെന്ന് ഉറപ്പുവരുത്താനായി യുവാവിന്റെ തലയില്‍ രണ്ടാമതും നിറയൊഴിച്ചു. പിന്നീട് മൊബൈല്‍ ഫോണ്‍ പുറത്തെടുത്ത് മരിച്ചുകിടക്കുന്നയാളിന്റെ ഫോട്ടോ എടുക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് അയാള്‍ അവിടെനിന്നു രക്ഷപ്പെട്ടു. വികാസ് മേത്ത എന്ന മുപ്പത്തിയഞ്ചുകാരനാണു കൊല്ലപ്പെട്ടതെന്നാണു സൂചന.

ദൃക്സാക്ഷി മൊഴികളുടെയും വിഡിയോയുടെയും സഹായത്തോടെ അക്രമിയെ കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്. കഴിഞ്ഞ ദിവസം ഹരിയാനയില്‍ പരീക്ഷയ്ക്കുപോയ പെണ്‍കുട്ടിയെ ഒരു യുവാവ് പട്ടാപ്പകല്‍ വെടിവച്ചു കൊല്ലുന്നതിന്റെ സിസിടിവി ദൃശ്യവും പുറത്തുവന്നിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് ഡെല്‍ഹിയില്‍ നടന്ന സംഭവത്തിന്റെയും നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.