ഗുവാഹത്തി: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട എഞ്ചിനീയറിങ് പ്രവേശന പരീക്ഷയായ ജോയിൻറ് എൻട്രൻസ് എക്സാം (ജെ.ഇ.ഇ) പകരക്കാരനെ കൊണ്ട് എഴുതിച്ച് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥിയും രക്ഷിതാവും അറസ്റ്റിൽ. 99.8 ശതമാനം മാർക്ക് നേടിയ നീൽ നക്ഷത്ര ദാസ് ആസമിലെ ജെ.ഇ.ഇ ടോപ്പർ കൂടിയാണ്. സഹായം ചെയ്തുകൊടുത്ത ടെസ്റ്റിങ് സെൻററിലെ മൂന്ന് ജീവനക്കാരും അറസ്റ്റിലായിട്ടുണ്ട്.
പ്രതികൾക്കെതിരെ അസാര പൊലീസ് സ്റ്റേഷനിൽ എഫ്. ഐ.ആർ ഫയൽ ചെയ്തു. നീലിൻ്റെ പിതാവ് ഡോ. ജ്യോതിർമയി ദാസും ടെസ്റ്റിങ് സെൻററിലെ ജീവനക്കാരായ ഹമേന്ദ്ര നാഥ് ശർമ്മ, പ്രഞ്ജൽ കലിത, ഹിരുലാൽ പതക് എന്നിവരും പിടിയിലായതായി ഗുവാഹത്തി പോലീസ് അറിയിച്ചു.
വിദ്യാർഥി പരീക്ഷയെഴുതാൻ പ്രോക്സിയെ (പകരക്കാരൻ) ഉപയോഗിച്ചത് ഒരു ഏജൻസിയുടെ സഹായത്തോടെയാണെന്നും ഗുവാഹതി പോലീസ് കമ്മീഷണർ എംപി ഗുപ്ത പറഞ്ഞു. പ്രതികളെ വ്യാഴാഴ്ച ലോക്കൽ കോടതിയിൽ ഹാജരാക്കും.