സ്വർണക്കടത്ത് ; ശിവശങ്കർ അഞ്ചാംപ്രതി ; ഏഴു ദിവസം ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു

കൊച്ചി: ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കി എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ പ്രാഥമിക കുറ്റപത്രം നല്‍കി. കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് ഇദ്ദേഹത്തെ അഞ്ചാം പ്രതിയാക്കി ചേര്‍ത്തത്. കോടതിയില്‍ ഹാജരാക്കിയ ഇദ്ദേഹത്തെ ഏഴ് ദിവസം എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇഡിയുടെ ആവശ്യം.

ജില്ലാകോടതി അവധിയാണെങ്കിലും കോടതി പ്രത്യേക സിറ്റിംഗ് നടത്തിയാണ് ശിവശങ്കറിന്റെ കേസ് പരിഗണിച്ചത്. എന്‍ഫോഴ്സ്മെന്റ് അദ്ദേഹത്തെ 14 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഏഴു ദിവസത്തെ കസ്റ്റഡി ആണ് കോടതി അനുവദിച്ചത്.

അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനോട് ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്നാണ് എന്‍ഫോഴ്സ്മെന്റ് ആരോപിക്കുന്നത്. ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചുവെന്നും അവര്‍ പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ ശിവശങ്കർ അഞ്ചാം പ്രതിയാണെന്ന് ഇഡി കോടതിയിൽ അറിയിച്ചു. സ്വപ്ന, സരിത്, സന്ദീപ്, ഫൈസൽ ഫരീദ് എന്നിവർക്കൊപ്പമാണ് അഞ്ചാം പ്രതിയായാണ് ശിവശങ്കറെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

തനിക്ക് ഗുരുതരമായ നടുവേദനയുണ്ടെന്ന് ശിവശങ്കര്‍ കോടതിയെ അറിയിച്ചു. ഇക്കാര്യം ശിവശങ്കര്‍ ജഡ്ജിക്ക് സമീപം എത്തി സംസാരിച്ചു. തുടര്‍ച്ചയായ ചോദ്യം ചെയ്യാന്‍ പാടില്ലെന്നും രണ്ട് മണിക്കൂര്‍ കൂടുമ്പോൾ കിടക്കാന്‍ അനുവദിക്കണമെന്നും ആയുര്‍വേദ ചികില്‍സ ഉറപ്പാക്കണം അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു.

അതേ സമയം കസ്റ്റംസ് ഉദ്യോഗസ്ഥരും എന്‍ഫോഴ്സ്മെന്റ് ഓഫീസിലെത്തിയിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സൂപ്രണ്ട് വിവേകാണ് ഇഡി ഓഫീസില്‍ എത്തിയത്. ഇനി കസ്റ്റംസും അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുമോയെന്ന വിഷയത്തില്‍ ഇതുവരെ വ്യക്തതയില്ല.

നയതന്ത്രബാഗേജ് വിട്ടുനല്‍കാന്‍ ഇടപെട്ടെന്ന് ശിവശങ്കര്‍ സമ്മതിച്ചതായി ഇഡിയുടെ അറസ്റ്റ് മെമ്മോയില്‍ പരാമര്‍ശമുണ്ട്. ഇതിനായി എം ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചുവെന്നാണ് കണ്ടെത്തല്‍. ഇത് സ്വര്‍ണ്ണക്കടത്തില്‍ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്നതായി എൻഫോഴ്സ്മെന്റ് പറയുന്നു.

സ്വപ്നയുടെ സാമ്പത്തിക ഇടപാട് നിയന്ത്രിച്ചതിലും കൈകാര്യം ചെയ്യുന്നതിലും ശിവശങ്കറിന് പങ്കുണ്ടെന്നും അറസ്റ്റ് മെമ്മോയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സ്വപ്നയടക്കം നടത്തിയത് സ്വര്‍ണ്ണക്കടത്തായിരുന്നുവെന്ന കാര്യത്തില്‍ ഇദ്ദേഹത്തിന് അറിവുണ്ടായിരുന്നോ എന്നതടക്കമുള്ള വിഷങ്ങളില്‍ ഇനി വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് ഇഡി നിലപാട്.

സ്വപ്‌ന സുരേഷിന്റെ ആവശ്യ പ്രകാരമാണ് ബാഗേജ് വിട്ടുകിട്ടാൻ ശിവശങ്കർ കസ്റ്റംസ് ഓഫീസറെ വിളിച്ചതെന്നും സ്വപ്‌നയുടെ കുറ്റകൃത്യങ്ങളെ കുറിച്ച് ശിവശങ്കറിന് വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നും സ്വപ്ന സുരേഷ് ഏർപ്പെട്ട കുറ്റകൃത്യത്തിൽ ശിവശങ്കറിന്റെ പങ്കിനുള്ള തെളിവാണിതെന്നും ഇഡി പറയുന്നു.

സ്വർണ്ണം വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്നും ഓഫീസിലെ ഒരു പ്രമുഖൻ കസ്റ്റംസിനെ വിളിച്ചിരുന്നുവെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഈ ആരോപണം ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.