ചെന്നൈ: എബിവിപി ദേശീയ പ്രസിഡന്റ് ഡോക്ടര്‍ സുബ്ബയ്യ ഷണ്മുഖത്തെ മധുര എയിംസ് ബോർഡ് അംഗമായി നിയമിച്ചതില്‍ തമിഴ്നാട്ടില്‍ വിവാദം. അയൽവാസിയായ മുതിര്‍ന്ന സ്ത്രീയുടെ ഫ്ലാറ്റിനു മുന്നിൽ മൂത്രമൊഴിച്ചതിനു പൊലീസ് കേസെടുത്തിരുന്ന വ്യക്തിയാണ് ഡോക്ടർ സുബ്ബയ്യ.
സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള കേന്ദ്ര സര്‍ക്കാര്‍ സമ്മാനമാണ് സുബ്ബയ്യയുടെ നിയമനമെന്നാണ് ആരോപണം. ചെന്നൈ കിൽപോക് മെഡിക്കൽ കോളജിലെ സർജിക്കൽ ഓങ്കോളജി തലവനായ ഷൺമുഖത്തെ ബോർഡംഗമായി നിയമിച്ചു ഇന്നലെയാണു കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്.
നിയമനത്തിനെതിരെ എംപിമാരായ കനിമൊഴി, ഡി.രവികുമാർ, സു.വെങ്കടേശൻ, ബി.മാണിക്കം ടഗോർ എന്നിവർ രംഗത്തെത്തി. സ്ത്രീകളോട് മോശമായി പെരുമാറിയതിനുള്ള സമ്മാനമായാണോ ഡോ.സുബ്ബയ്യയെ ബോർഡ് അംഗമാക്കിയതെന്നു കനിമൊഴി എംപി ട്വീറ്റ് ചെയ്തു. വിസികെ ചെയര്‍മാനും ചിദംബരം എംപിയുമായ തിരുമാവളവന് സ്ത്രീകളെ അപമാനിച്ചെന്നാരോപിച്ചു ഒരാഴ്ചയായി ബിജെപി തമിഴ്നാട്ടില്‍ സമരത്തിലാണ്. സുബയ്യയുടെ നിയമനത്തോടെ ബിജെപി തമിഴ്നാട് ഘടകം പ്രതിരോധത്തിലായി.
എബിവിപിക്കു ദേശീയ തലത്തില്‍ തന്നെ നാണക്കേടായതായിരുന്നു പ്രസിഡന്റ് സുബ്ബയ്യ ഷണ്മുഖത്തിന്റെ മൂത്രമൊഴിക്കല്‍ കേസ്. പാര്‍ക്കിങ് സ്ഥലം വിട്ടുനല്‍കാത്തതിന്റെ വിരോധത്തില്‍ അറുപതു പിന്നിട്ട വിധവയുടെ ഫ്ലാറ്റിന് മുന്നില്‍ മൂത്രമൊഴിക്കുന്ന സുബയ്യയുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ചെന്നൈ നങ്കനല്ലെൂരിലെ ഫ്ലാറ്റ് സമുച്ചയത്തില്‍ കഴിഞ്ഞ ജൂലൈ 12 നായിരുന്നു കേസിനാസ്പദമായ സംഭവം. ആദംമ്പാക്കം പൊലീസ് സ്ത്രീത്വത്തെ അപമാനിക്കുന്ന വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നെങ്കിലും പരാതി പിന്‍വലിപ്പിച്ചു രക്ഷപെടുകയായിരുന്നു.