ന്യൂഡെൽഹി: നിരവധി എൻ ജി ഒ ഓഫീസുകളിൽ എൻ ഐ എ റെയ്ഡ്. ഭീകരപ്രവർത്തനങ്ങൾക്ക് വൻ തോതിൽ ധനസമാഹരണം നടക്കുന്നുവെന്ന റിപ്പോർട്ടിന്മേലാണ് എൻ ജി ഓകളുടെ ഓഫീസുകളിൽ എൻ ഐ എ റെയ്ഡ് നടത്തിയത്. കശ്മീരിലെ മാത്രം 9 ഇടങ്ങളിലാണ് എൻ ഐ എ റെയ്ഡ് നടത്തിയത്. ക്രമക്കേട് വ്യക്തമായതിനെ തുടർന്ന് ചില എൻ ജി ഒ കൾക്കെതിരെ എൻ ഐ എ നടപടി സ്വീകരിച്ചതായാണ് വിവരം.
ബെംഗളൂരുവിലെ ചില സ്ഥലങ്ങളിലും ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തിയെന്നാണ് വിവരം. ബിസിനസ്സ്, മതപരമായ പ്രവർത്തനങ്ങൾ, മറ്റ് സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയുടെ പേരിൽ വിദേശത്ത് നിന്ന് പണം എടുത്ത് തീവ്രവാദത്തിന് ധനസഹായം നൽകുകയായിരുന്നു ഈ സംഘടനകളുടെ ലക്ഷ്യമെന്ന് എഐഎ കണ്ടെത്തി.
കശ്മീരിൽ ഭീകരത പ്രചരിപ്പിക്കാൻ ഹവാല ചാനൽ ഫണ്ടുകൾ ഉപയോഗിച്ചിരുന്നതായും റെയ്ഡിൽ വ്യക്തമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഹവാല വഴിയാണ് ഈ പണം വന്നതെന്നും വിദേശത്തെ എൻജിഒകൾ വഴി കശ്മീരിലെ ഭീകരതയ്ക്ക് ധനസഹായം ലഭിക്കുന്നുണ്ടെന്നും എൻ ഐ എക്ക് വിവരം ലഭിച്ചിരുന്നു.
ശ്രീനഗർ, ബന്ദിപ്പോറ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകളിൽ നിന്നും നിരവധി രേഖകൾ എൻ ഐ എക്ക് ലഭിച്ചതായാണ് വിവരം.