ജമ്മുകശ്മീരിൽ ഭീകരവാദ പ്രവർത്തനങ്ങൾക്കിറങ്ങിയ യുവാവിനെ സൈന്യം വീട്ടിലേക്ക് തിരിച്ചയച്ചു

ശ്രീനഗർ: ജമ്മുകശ്മീരിൽ ഏറ്റുമുട്ടലിനിടെ കീഴടങ്ങിയ യുവാവിനെ ഇന്ത്യൻ സൈന്യം കുടുബത്തിലേക്ക് മടക്കിയച്ചു. പുൽവാമയിലെ അവന്തിപോറയിൽ വെച്ചു നടന്ന എൻകൗണ്ടറിനിടെ കീഴടങ്ങിയ യുവാവിനെയാണ്‌ സുരക്ഷാ ഉദ്യോഗസ്ഥർ തിരികെയയച്ചത്.

യുവാവിന്റെ സുഹൃത്ത് നിർബന്ധിച്ചതിനാലാണ് ഇയാൾ ഭീകരവാദ പ്രവർത്തനങ്ങൾക്കിറങ്ങിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. ബി-ടെക്ക് വിദ്യാർത്ഥിയാണ് യുവാവ്. ഇന്നലെയാണ്‌ ആയുധധാരികളായ രണ്ടു പേരെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തുന്നത്. തുടർന്ന് കീഴടങ്ങുന്നതാണ് ഉചിതമെന്ന് സൈന്യം ബോധ്യപ്പെടുത്തിയതിനെ തുടർന്ന് യുവാവ് കീഴടങ്ങുകയായിരുന്നു.

സുഹൃത്തിന്റെ പ്രേരണയാലാണ് താൻ തീവ്രവാദ പ്രവർത്തനങ്ങൾക്കിറങ്ങിയതെന്ന് കീഴടങ്ങിയ യുവാവ് വിശദമാക്കുന്ന വീഡിയോയും ഇയാളെ കുടുംബത്തിലേക്ക് തിരികെയയക്കുന്ന വീഡിയോയും ട്വിറ്ററിൽ ചിനാർ കോർപ്സ് പങ്കു വെച്ചിട്ടുണ്ട്. പുൽവാമയിലെ ഗുൽഷൻപുര നിവാസിയായ യുവാവിനെ ഈ സെപ്റ്റംബർ 25 ന് കാണാതാവുകയായിരുന്നു. ശേഷം, ഇന്നലെയാണ് എൻകൗണ്ടറിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.