പെണ്‍കെണിയിലൂടെ പണം തട്ടല്‍ യുവതിയും യുവാവും പിടിയില്‍

കോതമംഗലം: കൊറോണക്കാലത്ത് പണമുള്ളവരെ വശീകരിച്ച് കെണിയില്‍പ്പെടുത്തി പണം തട്ടിയസംഭവത്തില്‍ യുവതിയും യുവാവും പിടിയില്‍. സംഘാംഗമെന്ന് കരുതുന്ന കോതമംഗലം ഇഞ്ചത്തൊട്ടി സ്വദേശിയും നെല്ലിക്കുഴി ഇരുമലപ്പടിയില്‍ വാടകയ്ക്ക് താമസക്കാരിയുമായ മൈലാംകോട്ടില്‍ ആര്യ(25), തട്ടിപ്പിന് കൂട്ടുനിന്നവരുടെ സഹായികളിലൊരാളായ കുറ്റിലഞ്ഞി കപ്പക്കാട്ട് അശ്വിന്‍ (25) എന്നിവരെയാണ് കോട്ടപ്പടി പോലീസിന്റെ സഹായത്തോടെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

മൂവാറ്റുപുഴയിലെ ബിസിനസുകാരനായ 56 കാരനെ ഇയാളുടെ സ്ഥാപനത്തിലെ തന്നെ മുന്‍ ജീവനക്കാരിയായ ആര്യ ചൊവ്വാഴ്ച രാത്രി എട്ടോടെ കോതമംഗലത്തെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയെന്ന് പോലീസ് പറഞ്ഞു. ഇവര്‍ മുറിയില്‍ ആയിരിക്കെ നാല് യുവാക്കള്‍ മുറിയിലേക്ക് അതിക്രമിച്ച് കയറി.ഇവര്‍ കയറിയ ഉടന്‍ തന്നെ ആര്യ സ്വയം അര്‍ധനഗ്നയായി. ബിസിനസുകാരനോടും ഷര്‍ട്ട് അഴിക്കാന്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് ഇവരെ അര്‍ധനഗ്‌നരായി ചേര്‍ത്തുനിര്‍ത്തി ചിത്രങ്ങള്‍ പകര്‍ത്തി. ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പരസ്യപ്പെടുത്താതിരിക്കാന്‍ മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം കയ്യില്‍ ഇല്ലെന്നു പറഞ്ഞപ്പോള്‍ ഇയാള്‍ വന്ന കാറില്‍ കയറ്റി കൊണ്ടുപോയി. ആര്യ വീട്ടിലേക്കും പോയി. രാത്രി മുഴുവനും ഇന്നലെയും കാറില്‍ കറങ്ങവേ പലപ്പോഴായി 35000 രൂപ എടിഎമ്മില്‍ നിന്നു പിന്‍വലിച്ചു. കൂടുതല്‍ പണം പിന്‍വലിക്കാനുള്ള ശ്രമത്തിനിടെ എടിഎം കാര്‍ഡ് ബ്ലോക്കായി.

ഈ സമയത്ത് ഇവരുടെ സുഹ്യത്തായ അശ്വിനെ വിളിയ്ക്കുകയും കോട്ടപ്പടിയില്‍ എത്തുകയും ചെയ്തു. ഇതിനിടെ ഇന്നലെ ഉച്ചയോടെ കോട്ടപ്പടി കോളജിനു സമീപം മൂത്രം ഒഴിക്കാനെന്ന വ്യാജേന വാഹനത്തില്‍ നിന്ന പുറത്തുകടന്ന സ്ഥാപന ഉടമ കാറില്‍ നിന്നു രക്ഷപ്പെട്ടു.

സംഭവമറിഞ്ഞ കോട്ടപ്പടി പോലീസ് സ്ഥലത്തെത്തുകയും അശ്വിനെ പിടികൂടുകയും ചെയ്തു. പോലീസ് ഉടന്‍ ആര്യയുടെ വീട്ടിലെത്തിയെങ്കിലും രക്ഷപ്പെടാനായി ആര്യ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു. ആര്യയെ സ്‌കൂട്ടറില്‍ കൊണ്ടുപോകാനായി വന്ന സുഹൃത്ത് പോലീസിനെ കണ്ട് രക്ഷപ്പെടുകയും ചെയ്തു. ആര്യയുടെ സുഹൃത്തുക്കളെയും കാറും പോലീസ് തെരയുന്നു.