കോഴിക്കോട്: കെ.എം ഷാജി എംഎൽഎയുടെ കോഴിക്കോട്ടെ വീട് ക്രമപ്പെടുത്താൻ 1,54,000 രൂപ കോർപ്പറേഷൻ പിഴയിട്ടു. വസ്തു നികുതിയിനത്തിൽ 1,38,000 രൂപയാണ് ഈടാക്കിയിരിക്കുന്നത്. നിയമവിധേയമാക്കിയില്ലെങ്കിൽ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നു.
കെഎം ഷാജി എംഎൽഎയുടെ കോഴിക്കോട്ടെ വീട് ഏകദേശം 1.6 കോടി രൂപ വിലമതിക്കുന്നതാണെന്ന് കോഴിക്കോട് കോർപറേഷൻ ഇന്നലെ കണ്ടെത്തിയിരുന്നു. മൂന്നാം നില മുഴുവനായും ഒന്നാം നിലയുടെ ചിലഭാഗങ്ങളും അനധികൃതമാണെന്നും കണ്ടെത്തിയിരുന്നു.
വീട്ടിലെ ഫർണീച്ചർ മാർബിൾ എന്നിവയുടെ വില തിട്ടപ്പെടുത്താനാകുന്നില്ലെന്ന് നഗരസഭ വ്യക്തമാക്കിയിരുന്നു. വില തിട്ടപ്പെടുത്താൻ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെടുമെന്നും നഗരസഭ അറിയിച്ചു.