കോഴിക്കോട്: അനധികൃത നിർമാണം നടത്തിയ കെ.എം.ഷാജി എംഎൽഎയുടെ മാലൂർകുന്നിലെ വീട് പൊളിക്കേണ്ടി വരില്ല. പകരം പിഴയൊടുക്കിയാൽ മതിയെന്ന് കോഴിക്കോട് കോർപറേഷൻ അറിയിച്ചു. 37 സെൻറിൽ നിർമിച്ച വീടിന് ഒന്നരലക്ഷം രൂപ പിഴ അടയ്ക്കേണ്ടി വരും. 1,38,590 രൂപ പിഴയടക്കമുള്ള നികുതി ഇനത്തിലും അനധികൃത നിർമാണത്തിനുള്ള പിഴയായി 15500 രൂപയുമാണ് അടയ്ക്കേണ്ടത്. ഇതടയ്ക്കാമെന്ന് കാട്ടി കെഎംഷാജി എംഎൽഎ പുതുക്കിയ പ്ലാൻ അംഗീകാരത്തിനായി കോർ റേഷന് നൽകി.
കെഎംഷാജിയുടെ ഭാര്യ കെഎച്ച് ആശയുടെ പേരിലുള്ള ഈ വീടിന് ഒരു കോടി അറുപതു ലക്ഷം രൂപ മൂല്യമാണ് കണക്കാക്കിയിട്ടുള്ളത്. മൂവായിരം സ്ക്വയർഫീറ്റിനു നൽകിയ അനുമതിയിൽ 5600 സ്ക്വയർഫീറ്റ് വീട് നിർമ്മിച്ചെന്നായിരുന്നു കോഴിക്കോട് കോർപറേഷൻറെ കണ്ടെത്തൽ.
അനധികൃത നിർമാണമെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് വീട് പൊളിച്ചുനീക്കാൻ ഒരാഴ്ച്ച മുൻപ് നോട്ടിസ് നൽകിയത്. എന്നാൽ എംഎൽഎയുടെ വിശദീകരണം പരിശോധിച്ച കോർപറേഷൻ വീട് പൊളിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. പകരം പിഴയൊടുക്കിയാൽ മതി. ഇതനുസരിച്ച് പുതുക്കിയ പ്ലാൻ എംഎൽഎ അംഗീകാരത്തിനായി കോർപറേഷന് സമർപ്പിച്ചു.