സാമ്പത്തികസംവരണം ആർക്കും നഷ്ടമുണ്ടാക്കില്ല; വർഗീയ ധ്രുവീകരണ നീക്കം അപലപനീയമെന്ന് സിപിഎം

തിരുവനന്തപുരം: മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിയ ഭരണഘടനാ ഭേദഗതി നടപ്പിലാക്കുന്നതിനെ വർഗ്ഗീയ ധ്രുവീകരണത്തിനും രാഷ്ട്രീയ താൽപര്യങ്ങൾക്കും വേണ്ടി ഉപയോഗിക്കുന്നത് അപലപനീയമാണെന്ന് സിപിഎം. ഈ പുതിയ രീതി നടപ്പിലാക്കുമ്പോൾ നിലവിലുള്ള സംവരണാനുകൂല്യത്തിൽ ഒരു കുറവും ഇല്ലാതിരിക്കാനുള്ള ജാഗ്രത സർക്കാർ പുലർത്തുകയും ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

നിലവിലുള്ള സംവരണാനുകൂല്യങ്ങളിൽ കുറവൊന്നും വരുത്താതെയാണ് മുന്നോക്ക സംവരണം നടപ്പിലാക്കുന്നത്. ഭരണഘടന ഭേദഗതിയോടെ സംവരണം 60 ശതമാനമായി മാറി. ഇതിൽ 50 ശതമാനം നിലവിലുള്ള സംവരണ വിഭാഗങ്ങൾക്കും പത്തു ശതമാനം മുന്നോക്ക വിഭാഗങ്ങൾക്കുമായിരിക്കും.

സംവരണ പ്രശ്‌നത്തിൽ സിപിഎമ്മിന് സുവിദിതമായ നിലപാടുണ്ട്. പിന്നോക്കക്കാരിലെ സംവരണത്തിന് സാമ്പത്തികമായി പുറകിൽ നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് മുൻഗണന നൽകണമെന്ന നിലപാട് സിപിഎം ആദ്യമേ സ്വീകരിച്ചിരുന്നു. ക്രീമിലെയർ വിഭാഗത്തിൽപ്പെടാത്തവർ ഇല്ലാതെ വന്നാൽ അതേ വിഭാഗത്തിൽപ്പെട്ട ക്രീമിലെയറുകാരെയും പരിഗണിക്കാൻ ആവശ്യമായ ഭരണഘടന ഭേദഗതി വരുത്തണം എന്നും ആവശ്യപ്പെട്ടു.

രാജ്യത്ത് മുതലാളിത്ത നയം നടപ്പിലാക്കുന്നതിന്റെ കൂടി ഭാഗമായി മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വലിയൊരു വിഭാഗം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അവർക്ക് പത്തു ശതമാനം സംവരണം നൽകുന്നതിനായും ഭരണഘടന ഭേദഗതി ചെയ്യണമെന്നും പാർടി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സംവരണം ഏന്ന നിലപാട് പ്രഖ്യാപിച്ചിരുന്നു. ആ കാഴ്ചപ്പാടിന് അനുസൃതമായാണ് ഭരണഘടന ഭേദഗതി പാർലമെന്റ് പാസാക്കിയത്.

മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള യുഡിഎഫും 2011ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ മുന്നോക്ക സംവരണം ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഇപ്പോൾ വർഗ്ഗീയ ധ്രുവീകരണത്തിനായി മുസ്ലീംലീഗ്, ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ വിവാദം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് തിരിച്ചറിയണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.