തിരുവനന്തപുരം: പിസി ജോർജിനെയും പിസി തോമസിനെയും രാഷ്ട്രീയ പാർട്ടികളായി മുന്നണിയിലേക്ക് എടുക്കേണ്ടെന്ന് കോൺഗസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. യുഡിഎഫിലേക്ക് വരാൻ ഇരുവരും ആഗ്രഹിക്കുന്നെങ്കിൽ ഇവർ ഏതെങ്കിലും പാർട്ടിയിൽ ലയിക്കട്ടെയെന്നും നേതാക്കൾ വ്യക്തമാക്കി.
വരും ദിവസങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തിയാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം. തിരക്ക് പിടിച്ച് ഇരുവരെയും മുന്നണിയിലെടുക്കേണ്ട സാഹചര്യമില്ലെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. ഏതെങ്കിലും പാർട്ടിയിൽ
ഇവർ ചേരുന്നതായിരിക്കും മുന്നണിക്കും നല്ലതെന്നായിരുന്നു സമിതിയുടെ വിലയിരുത്തൽ.
വെൽഫെയർ പാർട്ടിയുമായി നേരിട്ടും അല്ലാതെയും യാതൊരു സഖ്യവും വേണ്ടെന്നും അഭിപ്രായമുയർന്നു. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്നും തക്ക സമയത്ത് പരസ്യ നിലപാട് പ്രഖ്യാപിക്കാമെന്നും ധാരണ.
സംസ്ഥാനത്തെ രാഷ്ട്രീയ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യാൻ അടുത്ത മാസം ഏഴിന് പൂർണ ദിവസ രാഷ്ട്രീയ കാര്യ സമിതി യോഗം ചേരും. ഇന്ന് ഓൺലൈനായാണ് യോഗം ചേർന്നത്