സ്വർണ്ണ വ്യാപാരിയുടെ കൊലപാതകം;ഖത്തറിൽ നാലു മലയാളികൾക്ക് വധശിക്ഷ
ദോഹ: ഖത്തറിൽ മലയാളികൾ ഉൾപ്പെട്ട യമനി കൊലപാതക കേസിലെ പ്രതികൾക്ക് ശിക്ഷ വിധിച്ചു. 27 പ്രതികളിൽ നാലു മലയാളികൾക്ക് ഖത്തർ ക്രിമിനൽ കോടതി വധശിക്ഷയാണ് വിധിച്ചത്. 2 വർഷം മുൻപാണ് മലയാളി സംഘം യമനി സ്വദേശിയായ സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും അപഹരിച്ച് കൊലപ്പെടുത്തിയത്.
ഒന്നാം പ്രതി കെ. അഷ്ബീർ, രണ്ടാം പ്രതി ഉനൈസ്, മൂന്നാം പ്രതി റഷീദ് കുനിയിൽ, നാലാം പ്രതി ടി. ശമ്മാസ് എന്നിവർക്കാണ് വധശിക്ഷ വിധിച്ചത്. നിരപരാധികളെന്നു ബോധ്യമായ ഏതാനും പേരെ കോടതി വെറുതെവിട്ടു. കേസിലെ 27 പ്രതികളും മലയാളികളാണ്. പ്രതികളിൽ മൂന്നു പേർ പൊലീസ് പിടിയിലാകാതെ രക്ഷപ്പെടുകയായിരുന്നു.
കേസിൽ നാലു പേർക്ക് വധശിക്ഷ, പ്രതികളിൽ ചിലർക്ക് അഞ്ചു വർഷവും മറ്റ് ചിലർക്ക് ആറു മാസവും തടവും ഏതാനും പേരെ വെറുതെവിടുകയും ചെയ്തുകൊണ്ടാണ് വിധിപ്രഖ്യാപനം. കൊലപാതക വിവരം മറച്ചുവയ്ക്കൽ, കളവ് മുതൽ കൈവശം വയ്ക്കൽ, നാട്ടിലേക്ക് പണം അയയ്ക്കാൻ ഐഡി കാർഡ് നൽകി സഹായിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് 12 പേർക്കെതിരെ ചുമത്തിയിരുന്നത്.