ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കെതിരേ ആരോപണം: മാധ്യമപ്രവർത്തകനെതിരായ എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി

ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിനെതിരെ ആരോപണമുന്നയിച്ച മാധ്യമപ്രവർത്തകൻ ഉമേഷ് ശർമക്കെതിരെ ഫയൽ ചെയ്ത എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി. ഇൗ വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്നും കോടതി നിർദേശിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് മുഖ്യമന്ത്രിക്കെതിരെ ഉമേഷ് ശർമ സാമ്പത്തിക തിരിമറി ആരോപണമുന്നയിച്ചത്.

മുഖ്യമന്ത്രിക്ക് കൈമാറാനായി ജാർഖണ്ഡിൽ നിന്നുള്ള അമൃതേഷ് ചൗധരി എന്നയാൾ മുഖ്യമന്ത്രിയുടെ അടുപ്പക്കാരായ ദമ്പതികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചുവെന്നും ഇത് അന്വേഷിക്കണമെന്നുമായിരുന്നു ഉമേഷ് ശർമയുടെ ആരോപണം. ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളും ഉമേഷ് പുറത്തുവിട്ടിരുന്നു. എന്നാൽ ഇതിനെതിരെ ദമ്പതികൾ രംഗത്തെത്തുകയും വ്യാജ ആരോപണമുന്നയിച്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് പോലീസിൽ പരാതി നൽകുകയും ആയിരുന്നു.

ബാങ്ക് രേഖകൾ കെട്ടിച്ചമച്ചതാണെന്നും പരാതി നൽകിയ ഹരേന്ദ്ര സിങ് റാവത്ത് പറയുന്നു. ഈ പരാതിയിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് കാണിച്ചാണ് ഉമേഷ് ശർമ ഹൈക്കോടതിയെ സമീപിച്ചത്.