പട്ന: ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 71 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ 1,066 സ്ഥാനാർഥികളാണ് ജനവിധി നേടുന്നത്. 2.14 കോടി വോട്ടർമാർ വിധിയെഴുതും.
71 സീറ്റിൽ ജെഡിയു 35 മണ്ഡലങ്ങളിലും ബിജെപി 29 ഇടത്തും ആർജെഡി. 42 സീറ്റുകളിലും കോൺഗ്രസ് 29 ഇടത്തും മത്സരിക്കുന്നു. ചിരാഗ് പാസ്വാൻ നയിക്കുന്ന എൽജെപി. 41 സീറ്റിൽ മത്സരിക്കുന്നു. ഇതിൽ 35 സീറ്റുകളിൽ ജെഡിയുവിനെതിരെയാണ് മത്സരം. മൂന്നു ഘട്ടങ്ങളായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്.
എട്ട് മന്ത്രിമാരും മുൻമുഖ്യമന്ത്രിയും ഹിന്ദുസ്ഥാൻ അവാം മോർച്ച നേതാവുമായ ജതിൻ റാം മഞ്ചിയും ഇന്ന് ജനവിധി തേടുന്നവരിൽ ഉൾപ്പെടുന്നു.
കൊറോണ മഹാമാരിയുടെ കാലത്ത് രാജ്യത്ത് നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ബിഹാറിലേത്. പോളിങ് ബൂത്തുകളിൽ കൊറോണ പ്രോട്ടോക്കോൾ പാലിച്ചാണ് നടപടിക്രമങ്ങൾ.
ബീഹാറിൽ മൂന്നു ഘട്ടമായിട്ടാണു വോട്ടെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ടം നവംബർ മൂന്നിനും മൂന്നാം ഘട്ടം നവംബർ ഏഴിനും നടക്കും. കനത്ത സുരക്ഷയാണ് എല്ലാ പോളിംഗ് കേന്ദ്രങ്ങളിലും ഒരുക്കിയിരിക്കുന്നത്.